ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക ഭഷകളുടെ പട്ടികയിൽ ഹിന്ദി ഉൾപ്പെടുത്താനുളള ശ്രമങ്ങളെ ചൊല്ലി ശശി തരൂർ എംപിയും വിദേശകാര്യമന്ത്രി സുഷമ സ്വാരാജും തമ്മിൽ ലോക്സഭയിൽ വാക്പോര്.ഹിന്ദി യുഎന്നിന്റെ ഔദ്യോഗിക ഭാഷയാക്കാനുളള ശ്രമങ്ങൾ നടക്കുകയാണെന്ന് സുഷമ സ്വരാജ് അറിയിച്ചിരുന്നു.ഇതിൽ ശശി തരൂർ വിയോജിപ്പ് പ്രകടിപ്പിച്ചു.
193 അംഗങ്ങളുളള സംഘടനയിലെ മൂന്നിൽ രണ്ട് അംഗങ്ങളായ 129 രാജ്യങ്ങൾ പിന്തുണച്ചാൽ മാത്രമേ ഹിന്ദിയെ ഔദ്യോഗിക ഭാഷയാക്കാനാവൂ എന്ന് സുഷമ സ്വരാജ് പറഞ്ഞു.ഹിന്ദി ഔദ്യോഗിക ഭാഷയാക്കുന്നതുമായി ബന്ധപ്പെട്ട ചെലവ് ഇവർ വഹിക്കുകയും വേണം.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങൾ അതിനാൽ ഇന്ത്യയുടെ ആവശ്യത്തെ പിന്തുണക്കാൻ മടിക്കുകയാണെന്ന് വിദേശകാര്യമന്ത്രി അറിയിച്ചു.

എന്നാർ ഹിന്ദി ദേശീയ ഭാഷയല്ലെന്നും ഔദ്യോഗിക ഭാഷയാണെന്നും ശശി തരൂർ പ്രതികരിച്ചു.യുഎന്നിൽ നമ്മുക്ക് എന്തിനാണ് ഔദ്യോഗിക ഭാഷയെന്നും തരൂർ ആരാഞ്ഞു.അറബിക് സംസാരിക്കുന്നവരുട എണ്ണം ഹിന്ദി സംസാരിക്കുന്നവരേക്കാൾ കുറവാണ് എന്നാൽ അറബിക് സംസാരിക്കുന്ന രാജ്യങ്ങൾ 22 ആണെന്ന് ശശി തരൂർ ചൂണ്ടിക്കാട്ടി.ഹിന്ദി ഔദ്യോഗിക ഭാഷയായി ഉപയോഗിക്കുന്നത് ഇന്ത്യയിൽ മാത്രമാണെന്നും ശശി തരൂർ വ്യക്തമാക്കി.
എന്നാൽ ശശിതരൂരിന്റെ അറിവില്ലായ്മയാണിതെന്ന് സുഷമ സ്വരാജ് പറഞ്ഞു.നേപ്പാൾ,ഫിജി,സുരിനാം,ട്രിനിഡാഡ് ആന്റ് ടുബാഗോ തുടങ്ങിയ രാജ്യങ്ങളിൽ ഹിന്ദി സംസാരിക്കുന്നുണ്ടെന്ന് സുഷമ സ്വരാജ് കൂട്ടിച്ചേർത്തു.എത്ര പണം ചെലവായാലും സർക്കാർ ശ്രമം തുടരുമെന്നും സുഷമ സ്വാരാജ് വ്യക്തമാക്കി.
അതേസമയം വളരെ ചെലവേറിയ ഈ പ്രക്രിയ കൊണ്ട് ഗുണമെന്തെന്നായിരുന്നു ശശി തരൂരിന്റെ ചോദ്യം.ഇപ്പോഴത്തെ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും ഹിന്ദി സംസാരിക്കുന്നതിൽ പ്രാവീണ്യമുളളവരാണ്.ഭാവിയിൽ ഈ സ്ഥാനങ്ങളിലെത്തുന്നത് കേരളം,തമിഴ്നാട്,ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുളളവരാണെങ്കിൽ അവർ യുഎന്നിൽ ഹിന്ദി സംസാരിക്കണമെന്ന് നിർബന്ധം പിടിക്കുന്നതെന്തിനെന്നും ശശി തരൂർ ചോദിച്ചു.













