സിനിമാസമരം പൊളിയുന്നു; എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പിളര്‍പ്പിലേയ്ക്ക്


ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പിളര്‍പ്പിലേക്ക്. സമരത്തോട് യോജിപ്പില്ലാത്ത എക്സിബിറ്റേഴ്സ് ഫെഡറേഷനിലെയും എക്സിബിറ്റേഴ്സ് അസോസിയേഷനിലെയും അംഗങ്ങള്‍ ചേര്‍ന്ന് പുതിയ സംഘടന രൂപീകരിക്കും. ഇതോടെ നിലവില്‍ ഫെഡറേഷന്‍ അംഗങ്ങളായവരുടെ എ ക്ലാസ് തിയറ്ററുകളിലുള്‍പ്പടെ നാളെ ചിത്രങ്ങള്‍ റിലീസ് ചെയ്യും.


വിജയ് ചിത്രം ഭൈരവയും മലയാള ചിത്രം കാംബോജിയുമായിരിക്കും ആദ്യം റിലീസ് ചെയ്യും. സിനിമാ-സാങ്കേതിക പ്രവര്‍ത്തകരുടെ കീഴിലുള്ള തിയറ്ററുകളും പുതിയ സംഘടനയില്‍ ചേരും. താരങ്ങളും പ്രമുഖ നിര്‍മാതാക്കളും ഈ സംഘടനയില്‍ അംഗമാകും. ഇതോടെ സിനിമാ സമരം പൂര്‍ണമായും പൊളിയാനാണ് സാധ്യത.


എ ക്ലാസ് തിയറ്ററുകള്‍ക്ക് മള്‍ട്ടിപ്ലക്സുകള്‍ക്കു നല്‍കുന്നതിനു സമാനമായി റിലീസ് ദിനങ്ങളില്‍ 50 ശതമാനം തിയറ്റര്‍ വിഹിതം നല്‍കണം എന്ന ഫെഡറേഷന്റെ ആവശ്യത്തെ തുടര്‍ന്നാണ് സിനിമാ മേഖല സ്തംഭിച്ചത്. നിര്‍മാതാക്കളും വിതരണക്കാരും നിലവിലെ 40 ശതമാനം എന്ന നിരക്കില്‍ നിന്ന് മാറാനാവില്ലെന്ന് നിലപാടെടുത്തതോടെ നിരവധി ചിത്രങ്ങളുടെ റിലീസ് മുടങ്ങിക്കിടക്കുകയായിരുന്നു.

നിര്‍മാതാക്കളും വിതരണക്കാരും ചേര്‍ന്ന് മുടങ്ങിക്കിടക്കുന്ന ക്രിസ്മസ് ചിത്രങ്ങള്‍ ഓരോ ആഴ്ചകളിലായി ബി ക്ലാസ് തിയറ്ററുകള്‍, മള്‍ട്ടിപ്ലക്സുകള്‍ ഫെഡറേഷനിലില്ലാത്ത മറ്റ് തിയറ്ററുകള്‍ എന്നിവയില്‍ റിലീസ് ചെയ്യുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. ഇതോടെയാണ് ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തിന് എതിരേ എക്സിബിറ്റേര്‍സ് ഫെഡറേഷനില്‍ തന്നെ എതിര്‍പ്പുയര്‍ന്നിരിക്കുന്നത്.



Sharing is Caring