സിനിമാ ആസ്വാദകര്‍ക്ക് പുത്തന്‍ അനുഭവം പകരാന്‍ പെണ്‍ഫിലിം ഫെസ്റ്റ് ; കൊച്ചിയില്‍ പ്രദര്‍ശിപ്പിക്കുന്ന ഒന്‍പത് പെണ്‍സിനിമകളുടെ പാക്കേജ് ഉദ്ഘാടനം ചെയ്യുന്നത് കെ.ആര്‍ മീര; കേരളത്തിന്റെ സാഹചര്യത്തില്‍ സ്ത്രീകളെ ഫോക്കസ് ചെയ്യുന്ന ഒന്‍പത് ചിത്രങ്ങളുടെ ദൃശ്യ വിരുന്നൊരുക്കി സ്ത്രീ സംവിധായകര്‍


ആഗോളതലത്തില്‍ സ്ത്രീകള്‍ വളരെ മുമ്ബു തന്നെ സിനിമയെ തങ്ങളുടെയും കൂടി മാധ്യമമായി അവകാശപ്പെട്ടപ്പോള്‍ മലയാള സിനിമയില്‍ സ്ത്രീകള്‍ സിനിമയെ സ്വന്തമാക്കുവാന്‍ ഏറെ വൈകിയതായി തോന്നാം. രണ്ടുദശകങ്ങളായി ലോകത്തിന്റെ പല രാജ്യങ്ങളില്‍ നിന്നായി സ്ത്രീകള്‍ കൂട്ടത്തോടെ ചലച്ചിത്ര മേഖലയിലേക്കു ധീരമായ കാഴ്ചപ്പാടോടെ കടന്നുവരുന്ന പ്രവണത ശക്തമായിട്ടുണ്ട്.


മലയാള സിനിമയുടെ പുറത്തും അകത്തും തൊഴില്‍പരമായി സ്ത്രീകള്‍ക്ക് വേണ്ടത്ര നീതിയും സംരക്ഷണവും ലഭിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാകാം പ്രമുഖനടികള്‍ ഉള്‍പ്പെട്ട സ്ത്രീ സംഘം മുഖ്യമന്ത്രിയെ നേരില്‍കണ്ട് വിമന്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന സംഘടനയ്ക്ക് രൂപം നല്‍കിയത്. നടിമാര്‍, സംവിധായികമാര്‍, തിരക്കഥാകൃത്ത്, ഗായകര്‍, മെയ്‌ക്ക്‌അപ്പ് ഇങ്ങനെ സ്ത്രീ ഇടപ്പെടുന്ന സിനിമയുടെ എല്ലാ മേഖലയിലുള്ളവരെ ഉള്‍പ്പെടുത്തിയാണ് കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്.


സ്ത്രീയുടെ ശക്തമായ സാന്നിധ്യവും മലയാള സിനിമയില്‍ നിലനിര്‍ത്താന്‍ എന്ന ഉദ്ദേശത്തോടെ രൂപീകരിച്ച വിമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സ്ത്രീ കൂട്ടായ്മ ലോക സിനിമയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായിരിക്കും.കഥാര്‍സിസ് (ഇന്ദിര സെന്‍ , ഹോമേജ്), ഇന്ദു (അനഘ ആനന്ദ്) , അകം (ശ്രീദേവി), ഒരേ ഉടല്‍ ( ആശ ആച്ചി ജോസഫ് ), ഗി (കുഞ്ഞില) ഞാവല്‍ പഴങ്ങള്‍ (ജീവ.കെ.ജെ.) , ഐ ടെസ്റ്റ് (സുധ പത്മജ ഫ്രാന്‍സിസ്), ഋതം (ശിവരഞ്ജിനി), രുചിഭേദം (തീര്‍ത്ഥ മൈത്രി) എന്നീ ഒമ്ബതു ചിത്രങ്ങള്‍ ക്രിയാത്മകമായും രാഷ്ട്രീയപരമായും ദൃശ്യമാധ്യമം എന്ന നിലയില്‍ ഒരുപടി മുന്നോട്ട് നയിക്കുന്നുവെന്ന് ക്യൂറേറ്റര്‍ അര്‍ച്ചന പത്മിനി പറയുന്നു.

വുമണ്‍ ഇന്‍ സിനിമാ കളക്റ്റീവും മാമാങ്കം ഡാന്‍സും ചേര്‍ന്നാണ് മിനിമല്‍ സിനിമയുടെ സഹകരണത്തോടെ ഈ പെണ്‍ ഫിലിംഫെസ്റ്റ് അവതരിപ്പിക്കുന്നത്. എഴുത്തുകാരി കെ.ആര്‍ മീര അതിഥിയായി പങ്കെടുക്കുന്ന മേള രാവിലെ പത്തുമുതല്‍ വൈകിട്ട് ഏഴുവരെ നീ്ണ്ടുനില്‍ക്കുന്ന ഒമ്ബതുപെണ്‍സിനിമകളുടെ പാക്കേജ് കൊച്ചി കലൂരില്‍ ഒക്ടോബര്‍ രണ്ടിന് പ്രദര്‍ശിപ്പിക്കും.

കേരളത്തിന്റെ സാഹചര്യത്തില്‍ സ്ത്രീകളെ ഫോക്കസ് ചെയ്യുന്ന സിനിമകളാണ് ഈ ഒമ്ബതെണ്ണമെന്ന് അര്‍ച്ചന പറയുന്നു. ഒമ്ബതു തരം സിനിമകള്‍, ഒമ്ബതു കാഴ്ചകള്‍, വല്ല്യ മുദ്രാവാക്യങ്ങളോ ബഹളങ്ങളോയില്ലാതെ ഇവര്‍ സത്യസന്ധമായ കൈയൊതുക്കത്തോടെ തങ്ങളുടെ സൃഷ്ടികള്‍ ദൃശ്യവത്കരിച്ചിട്ടുണ്ട്. സ്ത്രീ പുരുഷന്റെ നിഴലായി, ഭാര്യയായി, കാമുകിയായി എന്നതിനപ്പുറം സ്ത്രീ ഒരു വ്യക്തിയാകുന്ന ഇടങ്ങളാണ് ഈ സിനിമകള്‍ കാണിക്കുന്നത്.

ഈ സംവിധായകര്‍ സിനിമയെക്കുറിച്ച്‌ പരിശീലിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളും സിനിമ എന്ന മാധ്യമത്തെ ഗൗരവമായി കാണുന്ന സ്ത്രീകളും അദ്ധ്യാപകരുമൊക്കെയാണ്. ഈ സിനിമകള്‍ ജനങ്ങളിലേക്കു എത്തണം. സിനിമ എന്ന മാധ്യമത്തെ ഏറെ രസകരമായും സൂക്ഷമമായും പരീക്ഷണാത്മകമായും ഈ സംവിധായകര്‍ കാണാന്‍ ശ്രമം നടത്തിയിട്ടുണ്ട്. തുടര്‍ന്നും സിനിമകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ് ഈ ഒമ്ബതുപെണ്‍ സംവിധായകര്‍ എന്ന് അര്‍ച്ചന പറയുന്നു. 200 രൂപയാണ് ഡെലിഗേറ്റ് പാസ്. ഫോണ്‍: 8592857898

1 ‘കഥാര്‍സിസ് ‘ ഇന്ദിര സെന്‍ ( ഹോമേജ്)

അന്തരിച്ച സംവിധായിക, ഇന്ദിരയെ ഓര്‍ത്തെടുത്തുകൊണ്ട് ഇന്ദിരയുടെ സിനിമ പ്രദര്‍ശിപ്പിക്കുന്നു. കൊടിയുടെ നിറത്തെ പ്രതിരാഷ്ട്രീയ കൊലപാതകങ്ങളെ അളക്കുന്ന തരം സാമൂഹികബോധത്തെ പ്രശ്നവത്കരിക്കുന്ന സിനിമ. മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും വിബ്ജിയോര്‍ ചലച്ചിത്രോത്സവത്തിലും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2018, ഐ.ഡി.എസ്.എഫ്.എഫ്.കെ യില്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു.

2. ‘ഇന്ദു’ അനഘ ആനന്ദ്

കെആര്‍ മീരയുടെ ‘മരിച്ചവളുടെ കല്യാണം’ എന്ന കഥയില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ട് എടുത്ത ചിത്രമാണ് ഇന്ദു. കേരളത്തിന്റെ പശ്ചാത്തലത്തില്‍ സംഭവിക്കുന്ന പ്രണയം, അതിന്റെ ഒരേസമയം സ്വാഭാവികവും അസ്വാഭാവികവുമായ മരണം. പതിനൊന്നാമത് ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവല്‍ ബംഗ്ലാദേശ്, അല്പവിരാമ 2018, ഐഎഡബ്ലൂ. ആര്‍ടി ഏഷ്യന്‍ വുമണ്‍’സ് ഫിലിം ഫെസ്റ്റിവല്‍ ന്യൂഡല്‍ഹി, എന്നിങ്ങനെയുള്ള ചലച്ചിത്രോത്സവങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട സിനിമ. എന്‍ഐഡിയിലെ പഠനത്തിന്റെ ഭാഗമായാണ് സിനിമ സംഭവിച്ചത്.

3. ‘അകം’ ശ്രീദേവി

വാര്‍ദ്ധക്യത്തിലെത്തിയ ഒരു സ്ത്രീയുടെ ഓര്‍മകളിലൂടെ, അവര്‍ പെട്ടുകിടക്കുന്ന ഭൂതകാല ദൃശ്യങ്ങളിലൂടെ ഒരു സഞ്ചാരം. കെ.ആര്‍.നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സസ് ആന്‍ഡ് ആര്‍ട്സിലെ പഠനത്തിന്റെ ഭാഗമായുണ്ടായ പ്രൊജക്റ്റ്.

4. ‘ഒരേ ഉടല്‍’ ആശ ആച്ചി ജോസഫ്

ഒരു കന്യാസ്ത്രീക്ക് നേരിടേണ്ടിവരുന്ന ക്രൂരമായ അതിക്രമം പ്രതിപാദ്യവിഷയമാകുന്നു. ശരീരത്തെ, ശുദ്ധിയെ ഒക്കെ സംബന്ധിച്ച സൂക്ഷ്മമായ ഇടപെടലുകളുണ്ട് ‘ഒരേ ഉടലി’ല്‍.
സണ്‍റൈസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ കാനഡ, റഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ മോസ്‌കോ, ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ, മാമി ഇന്‍ഡിപെന്‍ഡന്റ് ഫിലിം ഫെസ്റ്റിവല്‍, ഇന്‍ഡോര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ഹോളിവുഡ് സ്‌കൈ ഫിലിം ഫെസ്റ്റിവല്‍ ലോസ് ആഞ്ജലെസ്, ,എന്നിങ്ങനെ ഒട്ടനവധി മേളകളില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രം.
ഫിലിപ്പീന്‍സിലെ ഐ ചില്‍ സ്പാനിഷ് കഫേ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം സജിതാ മഠത്തിലിന് നേടിക്കൊടുത്ത ചിത്രം.

5. ‘ഗി’ കുഞ്ഞില

കല്‍ക്കത്തയില്‍ ജീവിച്ചുപോകുന്ന അച്ഛനും മകളും. ജീവിക്കുന്ന രാഷ്ട്രീയസാമൂഹിക സാഹചര്യം സൂക്ഷ്മമായി കടന്നുവരുന്നു. യൗവ്വനവും വാര്‍ദ്ധക്യവും , അതിനിടയിലെ സമരസപ്പെടലും ജീവിതവും ചലച്ചിത്രകാരി കയ്യൊതുക്കത്തോടെ വരച്ചുവയ്ക്കുന്നു. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ, ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ആന്‍ഡ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള, സൈന്‍സ് ഫിലിം ഫെസ്റ്റിവല്‍, ലൈറ്റ്സോഴ്സ് ഫിലിം ഫെസ്റ്റിവല്‍, തുടങ്ങിയ മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. സൈന്‍സ് ഫിലിം ഫെസ്റ്റിവലില്‍, ഫിലിം ഫെഡറേഷന്‍ നല്‍കുന്ന മികച്ച മലയാള ഹ്രസ്വചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. 2018, ഐ.ഡി.എസ്. എഫ്‌എഫ്കെ യിലെ മികച്ച രണ്ടാമത്തെ ഹ്രസ്വചിത്രവുമായിരുന്നു

6. ‘ഞാവല്‍ പഴങ്ങള്‍’ ജീവ കെ ജെ

കുട്ടിക്കാലത്തിന്റെ ഓര്‍മയിലൂടെ നിറം എങ്ങനെയാണ് ആളുകളെ ബാധിക്കുന്നത്, നമുക്കിടയില്‍ ഇടപെടുന്നത് എന്നന്വേഷിക്കുന്ന സിനിമ. കുഞ്ഞുങ്ങളില്‍ വംശീയത രൂപം കൊള്ളുന്നതെങ്ങനെയെന്ന് വരച്ചുകാട്ടുന്നു. നോയിഡ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാംഗ്ലൂരിലെ ഫെസ്റ്റെലന്‍ ചലച്ചിത്രമേളയില്‍ മികച്ച തിരക്കഥയ്ക്കും സിനിമറ്റോഗ്രാഫിക്കും സംവിധാനത്തിനും പുരസ്‌കാരങ്ങള്‍. ‘മുഖങ്ങള്‍’ എന്ന ചെന്നൈയില്‍ നിന്നുള്ള മാഗസിന്റെ മികച്ച തിരക്കഥക്കും ബാലതാരത്തിനുമുള്ള അവാര്‍ഡുകള്‍ നേടി.

7. ഐ ടെസ്റ്റ് ‘ സുധപത്മജ ഫ്രാന്‍സിസ്

പലകാലങ്ങളിലൂടെ , ഓര്‍മകളിലൂടെ സഞ്ചരിക്കുന്ന സിനിമ. അമ്മയെ, കുട്ടിക്കാലത്തെ ഒക്കെ കുറിക്കുന്ന, അമ്മയേയും മകളേയും തമ്മില്‍ കൂട്ടിയിണക്കുന്ന ആ കണ്ണിയിലെത്തിപ്പെടുന്ന, കവിതയാകാനോങ്ങുന്ന സിനിമ. നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ മികച്ച സിനിമറ്റോഗ്രാഫിക്കുള്ള അറുപത്തെട്ടാമത് ദേശീയ പുരസ്‌കാരം അപ്പു പ്രഭാകറിന് നേടിക്കൊടുത്ത ചിത്രം. കൊല്‍ക്കത്തയിലെ സൗത്ത് ഏഷ്യന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ഋത്വിക് ഘട്ടക്കിന്റെ പേരിലുള്ള പുരസ്‌കാരവും ബെസ്റ്റ് സിനിമാറ്റോഗ്രഫി അവാര്‍ഡും. വുഡ്പെക്കര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ന്യൂ ഡല്‍ഹി, ബെര്‍ലിന്‍ ഫെമിനിസ്റ്റ് ഫിലിം വീക്ക്, കിനോഫിലിം മാഞ്ചസ്റ്റര്‍ ഷോര്‍ട്ട് ഫിലിം ആന്‍ഡ് ആനിമേഷന്‍ ഫെസ്റ്റിവല്‍, ജഫ്ന ഇന്റര്‍നാഷണല്‍ സിനിമ ഫെസ്റ്റിവല്‍, ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങി അനവധി ചലച്ചിത്രമേളകളിലൂടെ സഞ്ചരിക്കുന്നു. റീഡിങ് യൂണിവേഴ്സിറ്റിയിലെ പഠനത്തിന്റെ ഭാഗമായ സിനിമ.

8. ‘ഋതം’ ശിവരഞ്ജിനി.

ഒറ്റയ്ക്ക് മകളെ വളര്‍ത്തുന്ന അമ്മ. അമ്മയും മകളും, ബാല്യകൗമാര സംഘര്‍ഷങ്ങളും നിറയുന്ന കഥാതന്തു. ‘ഋതം’ ടോട്ടോ ഫിലിം അവാര്‍ഡ് ലിസ്റ്റില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. എന്‍. ഐ. ഡി യിലെ പഠനത്തിന്റെ ഭാഗമായുണ്ടായ സിനിമ.

9. ‘രുചിഭേദം’ തീര്‍ത്ഥ മൈത്രി

മാമ്ബഴ പുളിശേരി തയ്യാറാക്കുന്ന രണ്ടു സഹോദരിമാര്‍, അവരുടെ അമ്മയുമായുള്ള സംഭാഷണം, അതില്‍ ഉരുത്തിരിയുന്ന സിനിമ. ലളിതവും രസകരവുമായ ആഖ്യാനശൈലി. ഐഡിഎസ്‌എഫ്‌എഫ്കെ 2018, മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവം, ബിഐഎസ്‌എഫ്‌എഫ് 2018 , സൈന്‍സ് ഫെസ്റ്റിവല്‍ തുടങ്ങിയ മേളകളില്‍ ഭാഗമായ സിനിമ.



Sharing is Caring