സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരായ തെളിവ് അടങ്ങിയ സിഡി കണ്ടെത്താന്‍ പ്രതി ബിജു രാധാകൃഷ്ണനും ഉദ്യോഗസ്ഥ സംഘവും കോയമ്പത്തൂരിലെത്തി. കോയമ്പത്തൂരിലുള്ള ഒരു വ്യക്തിയുടെ കയ്യിലാണ് സിഡിയെന്നാണ് ബിജു മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ രണ്ടര വര്‍ഷമായി ഇയാളുമായി ബന്ധമില്ലെന്നും ബിജു പറഞ്ഞിരുന്നു. തെളിവുമായി മാത്രമേ തിരികെ വരൂ എന്ന് യാത്ര പുറപ്പെടും മുമ്പ് ബിജു രാധാകൃഷ്ണന് പറഞ്ഞു.
ഉച്ചക്ക് 3.15 ന് സോളാര്‍ ആസ്ഥാനത്ത് നിന്നുമാണ് യാത്ര തുടങ്ങിയത്. കെ എല്‍ 39 എ 2851 എന്ന സൈലോ കാറിലാണ് യാത്ര. മൂന്ന് ഉദ്യോഗസ്ഥരും രണ്ട് പൊലീസുകാരും ബിജു രാധാകൃഷ്ണനോടൊപ്പം ഉണ്ട്. ഡിവൈഎസ്പി നേതൃത്വത്തിലുള്ള പൊലീസ് സംഘവും ബിജുവിനെ വഹിച്ചുകൊണ്ടുള്ള വാഹനത്തിന് കൂടുതല്‍ സുരക്ഷയൊരുക്കി ഇവരോടൊപ്പമുണ്ട്.













