തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിക്ക് ഡിജിപിയുടെ നിര്‍ദേശപ്രകാരം പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ഒരു ഗണ്‍മാനെ അനുവദിച്ചു.
അതേസമയം ആശ്രമത്തിലെ വാഹനങ്ങള്‍ തീയിട്ടത് പെട്രോളൊഴിച്ചാണ് ഫോറന്‍സിക് സംഘം വ്യക്തമാക്കി. പെട്രോള്‍ വാഹനങ്ങള്‍ ആയിരുന്നതിനാല്‍ തീ ആളിക്കത്തിയെന്നുമാണ് വിലയിരുത്തല്‍. അക്രമികളുടെ വിരലടയാളങ്ങളോ മറ്റു തെളിവുകളോ ലഭിച്ചിട്ടില്ല. കൂടുതല്‍ പരിശോധനകള്‍ നടത്താനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സ്വാമിയുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തുമെന്നാണ് വിവരം. പ്രദേശവാസികളെ ഉള്‍പ്പടെ ചോദ്യം ചെയ്യുന്നത് പൊലീസ് ആലോചിക്കുന്നുണ്ട്

ശനിയാഴ്ച പുലര്‍ച്ചെയാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണമുണ്ടായത്. ആശ്രമത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളും ഒരു സ്‌കൂട്ടറും അഗ്നിക്കിരയാക്കിയ അക്രമികള്‍ ആശ്രമത്തിന് പുറത്ത് റീത്തും വെച്ചിരുന്നു. ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ച സ്വാമിക്ക് ചില കേന്ദ്രങ്ങളില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്.
വളരെയേറെ ആസൂത്രണത്തിന് ശേഷം നടപ്പാക്കിയ പദ്ധതിയാണ് ആശ്രമം ആക്രമണമെന്നാണ് പൊലീസ് കരുതുന്നത്. പ്രഥമദൃഷ്ട്യാ കണ്ടെത്താകുന്ന ഒരു തെളിവുകളും പൊലീസിന് ഇതുവരെയും ലഭിച്ചിട്ടില്ല. അന്വേഷണം തുടങ്ങി 48 മണിക്കൂര്‍ പിന്നിടുമ്പോളും ആക്രമികളുടെ ഒരു ദൃശ്യങ്ങളോ മൊഴികളോ ഒന്നും പൊലീസിന് ലഭിച്ചിട്ടില്ല. മൊബൈല്‍ ടവറിന് കീഴില്‍ ആ സമയത്ത് ഉണ്ടായിരുന്ന എല്ലാവരുടെയും വിശദാശംങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.













