സത്യസരണി: : ഹൈക്കോടതിയെ വെല്ലുവിളിച്ചു ജഡ്ജിക്കു ഭീഷണി


ഹൈക്കോടതിയെ വെല്ലുവിളിച്ചും ജഡ്ജിമാരെ ഭീഷണിപ്പെടുത്തിയും മുസ്ലിം ഏകോപന സമിതി പ്രവര്‍ത്തകര്‍ എറണാകുളം നഗരത്തില്‍ അഴിഞ്ഞാടി. നിര്‍ബന്ധിച്ച് മതം മാറ്റിയ വിദ്യാര്‍ത്ഥിനിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ച ഹൈക്കോടതി വിധിയില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചില്‍ വിധി പ്രസ്താവിച്ച ജഡ്ജിക്കെതിരെ ഭീഷണി മുഴക്കി. മാര്‍ച്ച് സംഘര്‍ഷഭരിതമായി. പ്രതിഷേധക്കാര്‍ പോലീസിനെ ആക്രമിച്ചു. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.


പ്രതിഷേധക്കാര്‍ പോലീസിനു നേരെ കല്ലെറിഞ്ഞു. ബാരിക്കേഡ് തകര്‍ത്തു. കല്ലേറില്‍ നിരവധി പോലിസുകാര്‍ക്കും, ലാത്തിയടിയേറ്റ് പ്രതിഷേധക്കാര്‍ക്കും പരിക്കേറ്റു. വിധി പ്രസ്താവിച്ച ജസ്റ്റിസ് കെ. സുരേന്ദ്ര മോഹനന്റെ പേര് എടുത്ത് പറഞ്ഞായിരുന്നു ഭീഷണി. പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട്, ജമാഅത്ത് ഫെഡറേഷന്‍, എസ്ഡിപിഐ, മുസ്ലിം ജമാഅത്ത് കൗണ്‍സില്‍, മക്ക തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.


ഇപ്പോള്‍ ഹൈക്കോടതിയിലേക്കാണ് മാര്‍ച്ച്. നീതി കിട്ടിയില്ലെങ്കില്‍ വിധി പ്രസ്താവിച്ച ജഡ്ജിയുടെ കിടപ്പുമുറിയിലേക്കും അടുക്കളയിലേക്കും പ്രതിഷേധം എത്തും എന്നായിരുന്നു ഭീഷണി. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം യഹിയ തങ്ങള്‍, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മയില്‍ എന്നിവരാണ് ജഡ്ജിമാര്‍ക്കെതിരെ ഭീഷണി മുഴക്കിയത്. വേണ്ടിവന്നാല്‍ ഹൈക്കോടതിക്ക് അകത്ത് കയറി ജഡ്ജി ഇരിക്കുന്ന കസേര എടുത്ത് വലിച്ച് നടുറോഡിലിടാന്‍ ഞങ്ങള്‍ക്ക് അറിയാമെന്നും അവര്‍ ഭീഷണി മുഴക്കി.

ഇന്നലെ രാവിലെ കലൂര്‍ മണപ്പാട്ടി പറമ്പില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജിന് മുന്നില്‍ പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ഇതു തകര്‍ത്ത് മുന്നോട്ടുപോകാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചെങ്കിലും പ്രതിഷേധക്കാര്‍ പിന്മാറിയില്ല.

തുടര്‍ന്ന് പോലീസ് ലാത്തിവീശി. കല്ലേറില്‍ ഇരുപതോളം പോലീസുകാര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ പരിക്ക് ഗുരുതരം. സംഘര്‍ഷത്തിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞു വീണു. പോലീസിനെ തങ്ങള്‍ ആക്രമിച്ചിട്ടില്ല. ജനക്കൂട്ടത്തില്‍ വച്ച് പോലീസ് ലാത്തിയെടുത്ത് വീശിയപ്പോള്‍ പോലീസുകാരുടെ ദേഹത്ത് തന്നെ കൊണ്ടതാണ് എന്നാണ് ജനറല്‍ കണ്‍വീനര്‍ വി.കെ. ഷൗക്കത്തലിയുടെ വിശദീകരണം.

സേലത്ത് ഹോമിയോ വിദ്യാര്‍ത്ഥിയായിരിക്കെ വൈക്കം സ്വദേശി അഖിലയെ മഞ്ചേരിയിലെ സത്യസരണിയില്‍ കൊണ്ടുപോയി നിര്‍ബന്ധിച്ച് മതം മാറ്റിയിരുന്നു. മകളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അച്ഛന്‍ അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി. മതം മാറ്റി നടത്തിയ വിവാഹം കോടതി റദ്ദാക്കി, വിദ്യാര്‍ത്ഥിനിയെ രക്ഷിതാക്കള്‍ക്കൊപ്പം വിടാന്‍ ഉത്തരവിട്ടിരുന്നു.



Sharing is Caring