സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മഴ തുടരും


സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കാലവര്‍ഷം പൊതുവെ ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ടാമതും രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചിട്ടുണ്ടെങ്കിലും ഇത് കേരളത്തിലെ മഴയെ ബാധിക്കാന്‍ ഇടയില്ല. 21.2 ശതമാനം അധികം മഴയാണ് കേരളത്തിന് ഇക്കുറി ലഭിച്ചത്.


ഇടുക്കി,കോട്ടയം, പാലക്കാട് ജില്ലകളിലായിരുന്നു കൂടുതല്‍ മഴ ലഭിച്ചത്. എന്നാല്‍ കാസര്‍ഗോഡ് 7.5 ശതമാനവും , തൃശൂരില്‍ 4.8 ശതമാനവും തിരുവനന്തപുരത്ത് 3 ശതമാനവും മഴ കുറവാണ് ലഭിച്ചത്. മഴക്കെടുതിയില്‍ ഇന്നലെ രണ്ട് പേരാണ് സംസ്ഥാനത്ത് മരിച്ചത്. മത്സ്യത്തൊഴിലാളിയായ തലവടി നടുക്കത്തെപുര പത്രോസ്(63), തൈക്കാട്ടുശ്ശേരി ആലുങ്കല്‍ രാഹുല്‍ (22) എന്നിവരാണ് മരിച്ചത്.
കേരള-ലക്ഷദ്വീപ് തീരത്ത് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിന് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ദുരന്ത നിവാരണ അതോരിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.




Sharing is Caring