സംസ്ഥാനത്ത് തീരപരിപാലന നിയമലംഘനങ്ങളുടെ കണക്കെടുക്കുന്നു


തിരുവനന്തപുരം:സംസ്ഥാനത്ത് തീരപരിപാലന നിയമലംഘനങ്ങളുടെ കണക്കെടുക്കുന്നു. പത്ത്‌ ജില്ലകളില്‍ തീരദേശനിയമം ലംഘിച്ചു നിര്‍മിച്ച കെട്ടിടങ്ങളുടെ കണക്കെടുപ്പ് നാലുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന പരിസ്ഥിതിവകുപ്പിന്റെയും തീരദേശപരിപാലന വിദഗ്ധരുടെയും യോഗം തീരുമാനിച്ചു. പട്ടിക നാലുമാസത്തിനുള്ളില്‍ സമര്‍പ്പിക്കാമെന്ന് ചീഫ് സെക്രട്ടറി ടോംജോസ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.


നിയമം ലംഘിച്ചു നിര്‍മിച്ച കെട്ടിടങ്ങളുടെ കണക്കെടുക്കുമ്ബോള്‍ അവയുടെ സ്വഭാവമനുസരിച്ച്‌ തരംതിരിച്ച്‌ പട്ടിക തയ്യാറാക്കും. ഭാവിയില്‍ മറ്റു നടപടികള്‍ക്കു വിധേയമാക്കേണ്ടിവന്നാല്‍ അതിന്റെ പ്രത്യാഘാതം ഉള്‍പ്പെടെ ഈ റിപ്പോര്‍ട്ടില്‍ വിശദമാക്കും. സുപ്രീംകോടതിയുടെ നിര്‍ദേശമനുസരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ഇത് കോടതിയില്‍ നല്‍കും.പട്ടിക തയ്യാറാക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. തീരദേശനിയമം ലംഘിച്ച്‌ ഭൂമിയില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങളുടെയും കണ്ടല്‍ക്കാട് ഉള്‍പ്പെടെയുള്ളവ നശിപ്പിച്ചതിന്റെയും വിവരങ്ങളും ശേഖരിക്കും.


തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പട്ടികയാണു തയ്യാറാക്കുന്നത്. ജില്ലാ കളക്ടര്‍ ചെയര്‍മാനായ കേരള കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റിയാണ് ആറ്‌ കോര്‍പ്പറേഷനുകള്‍, 36 മുനിസിപ്പാലിറ്റികള്‍, 245 പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ നിയമലംഘനങ്ങളുടെ കണക്കെടുക്കുന്നത്. ഇതിന് പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിക്കും.

ഉപഗ്രഹഭൂപടത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലം സന്ദര്‍ശിച്ച്‌ ഒാരോ സ്ഥലത്തെയും നിയമംലംഘിച്ചുള്ള കെട്ടിടങ്ങളുടെ തരംതിരിച്ച്‌ ഒറ്റനില കെട്ടിടങ്ങള്‍, വാണിജ്യസമുച്ചയങ്ങള്‍, വന്‍കിട പാര്‍പ്പിടസമുച്ചയങ്ങള്‍ എന്നിങ്ങനെ കണക്ക് തയ്യാറാക്കും. കടുത്ത നിയമലംഘനങ്ങള്‍ ബോധ്യപ്പെടുന്നവ പ്രത്യേകം രേഖപ്പെടുത്തും. തദ്ദേശസ്ഥാപനങ്ങളില്‍നിന്നുള്ള രേഖകളും പരിശോധിക്കും. കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയ തീയതി, പൂര്‍ത്തിയാക്കി നമ്ബര്‍നല്‍കിയ തീയതി എന്നീ വിവരങ്ങളും ഉള്‍പ്പെടുത്തും.

സംസ്ഥാനത്തെ തീരദേശങ്ങളില്‍ 1800-ഓളം കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റേണ്ട സാഹചര്യമുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്. സുപ്രീംകോടതി റിപ്പോര്‍ട്ട് തേടിയതിനെത്തുടര്‍ന്നുള്ള പ്രാഥമികവിലയിരുത്തലിലാണ് ഇക്കാര്യം ബോധ്യമായത്. വിശദമായ പരിശോധന നടത്തുമ്ബോള്‍ എണ്ണത്തില്‍ വന്‍വര്‍ധനയുണ്ടായേക്കാമെന്നും കരുതുന്നു.



Sharing is Caring