സംസ്ഥാനത്ത് 339 പേര്‍ക്ക് കൂടി കോവിഡ്: സമ്ബര്‍ക്കത്തിലൂടെ 133 പേര്‍ക്ക് രോഗബാധ, ഉറവിടം അറിയാത്ത 7 കേസുകള്‍


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചവരില്‍ 117 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 74 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചതില്‍ 133 പേര്‍ക്ക് സമ്ബര്‍ക്കം വഴിയാണ് രോഗം പകര്‍ന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. തുടര്‍ച്ചയായി രണ്ടാം ദിവസവും സംസ്ഥാനത്ത് കോവിഡ് കേസുകള്‍ 300 കടന്നിരിക്കുന്നത്. ഇന്ന് സ്ഥിരീകരിച്ചതില്‍ 7 കേസുകളുടെ ഉറവിടം വ്യക്തമല്ല.


ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചതില്‍ തിരുവനന്തപുരം 95, മലപ്പുറം 55, പാലക്കാട് 50, തൃശൂര്‍ 27, ആലപ്പുഴ 22, ഇടുക്കി 20, എറണാകുളം 12, കാസര്‍കോട് 11, കൊല്ലം 10, കോഴിക്കോട് 8, കോട്ടയം ഥ, വയനാട് 7, പത്തനംതിട്ട 7, കണ്ണൂര്‍ 8 എന്നിങ്ങനെയാണ്.
ഇന്ന് 149 പേരാണ് രോഗമുക്തരായത്. തിരുവനന്തപുരം 9, കൊല്ലം 10, പത്തനംതിട്ട 7, ആലപ്പുഴ 7, കോട്ടയം 8, ഇടുക്കി 8, കണ്ണൂര്‍ 16, എറണാകുളം 15, തൃശൂര്‍ 29, പാലക്കാട് 17, മലപ്പുറം 6, കോഴിക്കോട് 1, വയനാട് 3, കാസര്‍കോട് 13.


കഴിഞ്ഞ 24 മണിക്കുറിനിടെ 12592 സാമ്ബിളുകള്‍ പരിശോധിച്ചു. ഇതുവരെ 6534 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 2795 പേരാണ് ചികിത്സയിലുള്ളത്. 1,85,960 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 471 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതുവരെ 22,0677 സാമ്ബിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 4854 സാമ്ബിളുകളുടെ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വയലന്‍സ് പ്രകാരം മുന്‍ഗണനാ വിഭാഗത്തില്‍ നിന്ന് 66934 സാമ്ബിളുകളാണ് ശേഖരിച്ചത്. ഇതില്‍ 63199 ഉം നെഗറ്റീവായി. സംസ്ഥാനത്ത് 1181 ഹോട്ട്‌സ്‌പോട്ടുകളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് പൂന്തുറയിലാണ് ആദ്യത്തെ സൂപ്പര്‍ സ്പ്രഡിങ് ഉണ്ടായത്. ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം രോഗം പകരാനുള്ള സാധ്യത കോവിഡിന്റെ കാര്യത്തില്‍ വലിയ തോതില്‍ വര്‍ധിച്ചിരിക്കുന്നുവെന്നാണ് പറയുന്നത്. അതിനാല്‍ ആളുകള്‍ കൂട്ടം കൂടുന്നത് ഒരു തരത്തിലും അനുവദിക്കാന്‍ പറ്റില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി



Sharing is Caring