സംസ്ഥാനത്ത് 31 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 10 ന്


സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാർഡ് ഉള്‍പ്പെടെ പതിനൊന്ന് ജില്ലകളിലായി (എറണാകുളം, വയനാട്, കാസർകോട് ഒഴികെ) നാല് ബ്ലോക്ക്പഞ്ചായത്ത് വാർഡുകള്‍, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.


വിജ്ഞാപനം നാളെ (നവംബർ 15) പുറപ്പെടുവിക്കും. നാമനിർദേശ പത്രിക നവംബർ 22 വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന 23 ന് വിവിധ കേന്ദ്രങ്ങളില്‍ വച്ച്‌ നടത്തും. പത്രിക നവംബർ 25 വരെ പിൻവലിക്കാം. വോട്ടെണ്ണല്‍ ഡിസംബർ 11ന് രാവിലെ 10 മണിക്ക് നടത്തും. വോട്ടെടുപ്പിനായി 192 പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കും.


മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. മുനിസിപ്പാലിറ്റികളില്‍ അതാത് വാർഡുകളിലും ഗ്രാമപഞ്ചായത്തുകളില്‍ മുഴുവൻ പ്രദേശത്തും പെരുമാറ്റചട്ടം ബാധകമാണ്. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ ഉപതിരഞ്ഞെടുപ്പുള്ള വാർഡുകളില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്ത് പ്രദേശത്താണ് പെരുമാറ്റച്ചട്ടമുള്ളത്.

ഉപതിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക ഒക്ടോബർ 19 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയില്‍ ആകെ 151055 വോട്ടർമാരാണുള്ളത് 71967 പുരുഷന്മാരും 79087 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറുമുണ്ട്. കമ്മീഷന്റെ www.sec.kerala.gov.in സൈറ്റിലും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും വോട്ടർപട്ടിക ലഭ്യമാണ്.

നാമനിർദേശ പത്രികയ്ക്കൊപ്പം കെട്ടിവയ്ക്കേണ്ട തുക ജില്ലാ പഞ്ചായത്തില്‍ 5000 രൂപയും, മുനിസിപ്പാലിറ്റിയിലും ബ്ളോക്ക് പഞ്ചായത്തിലും 4000 രൂപയും, ഗ്രാമപഞ്ചായത്തില്‍ 2000 രൂപയുമാണ്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങള്‍ക്ക് പകുതി തുക മതിയാകും.



Sharing is Caring