സംസ്ഥാനത്തെ എക്‌സൈസ് ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ വ്യാപക ക്രമക്കേടുകള്‍


സംസ്ഥാനത്തെ എക്‌സൈസ് ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. ബാര്‍, കള്ളുഷാപ്പ് ഉടമകളില്‍ നിന്ന് സംസ്ഥാനത്തെ എക്‌സൈസ് ഉദ്യോഗസര്‍ കൈക്കൂലിയായി വാങ്ങിയത് 2,13,500 രൂപ. ഗൂഗിള്‍ പേ വഴിയാണ് പണം മുഴുവൻ കൈപ്പറ്റിയിരിക്കുന്നത്. കൂടാതെ വിവിധ ഓഫീസുകളില്‍ നിന്നായി 28,164 രൂപയും ബാറുകളില്‍ നിന്ന് കൈപ്പറ്റിയ 25 കുപ്പി മദ്യവും പിടിച്ചെടുത്തിട്ടുണ്ട്.


‘ഓപ്പറേഷന്‍ സേഫ് സിപ്പ്’ എന്ന പേരില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍.പത്താനാപുരം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ ബാറുമയുടെ പക്കല്‍ നിന്ന് 42,000 രൂപ ഗൂഗിള്‍ പേ വഴി കൈപ്പറ്റിയതായും പാലാ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ 11,500 രൂപ കൈപ്പറ്റിയതായും കണ്ടെത്തി.


കൊച്ചി എക്‌സൈസ് ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്റെ അക്കൗണ്ടില്‍ ഗൂഗിള്‍ പേ വഴി 93,000 രൂപ നല്‍കിയത് ബാര്‍ ഉടമയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നയാള്‍. തൃശ്ശൂരിലെ പരിശോധനയില്‍ എക്‌സൈസ് ഉദ്യോഗസ്ഥരില്‍ നിന്ന് 2600 കണ്ടെത്തി. വൈക്കം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ശുചിമുറിയില്‍ നിന്ന് സ്വകാര്യ ബാര്‍ ഹോട്ടലിന്റെ പേരിലുള്ള കവറില്‍ നിന്നാണ് 13,000 രൂപ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. കൂടാതെ പൊന്നാനി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ അഞ്ച് മദ്യക്കുപ്പികള്‍ ഉദ്യോഗസ്ഥര്‍ പാരിതോഷികമായി വാങ്ങിയതായും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി.



Sharing is Caring