സംസ്ഥാനത്തിന്റെ വികസന കാഴ്ച്ചപ്പാട് മാറണം;വി.എസ്‌


തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന് കാരണം കനത്ത മഴയാണെന്ന് ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍. നാടിന്‍റെയാകെ വികസന കാഴ്ചപ്പാട് മാറണമെന്നും പ്രകൃതിയെ നശിപ്പിക്കാത്ത വികസനമാണ് ഇടതു സര്‍ക്കാരിന്‍റെ മുദ്രാവാക്യമെന്നും പറഞ്ഞ വി.എസ് ഇത് ചിലര്‍ക്കു മുന്നില്‍ മാത്രം വഴിമാറുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.


അനധികൃത ഖനനവും മണ്ണിടിച്ചിലും ദുരന്തത്തിന്‍റെ ആഘാതം കൂട്ടിയെന്നും വികസനം ജനങ്ങള്‍ക്കു മേല്‍ ദുരന്തമായി വന്നു ഭവിക്കരുതെന്നും പറഞ്ഞ വി.എസ് വ്യക്തിഗത ലക്ഷ്യങ്ങള്‍ക്കല്ല മുന്‍തൂക്കം നല്‍കേണ്ടതെന്നും വ്യക്തമാക്കി. അശാസ്ത്രീയമായ നിര്‍മാണങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും വിഴിഞ്ഞം അടക്കം മഹാവികസനങ്ങളില്‍ ഏതെല്ലാം ദുരന്തങ്ങള്‍ക്ക് കാരണമാകുമെന്ന് വിലയിരുത്തണമെന്നും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ കാണിക്കുന്ന ശുഷ്കാന്തി ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുന്നതിലും കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൂന്നാര്‍ ഒഴിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള ജനകീയ നടപടികള്‍ ഇടതു സര്‍‌ക്കാരിന്‍റെ തീരുമാനമായിരുന്നു. എന്നാല്‍, അത് നില്‍ക്കാനിടയായ സാഹചര്യങ്ങള്‍ ഈ അവസരത്തില്‍ പുനഃപരിശോധിക്കണം- വി.എസ് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ അനധികൃത നിര്‍‌മാണ പ്രവര്‍ത്തനങ്ങള്‍ പൊളിക്കണമെന്നും അതിനുള്ള നടപടികള്‍ പുനഃരാരംഭിക്കണമെന്നും ആവര്‍ത്തിച്ചാവശ്യപ്പെട്ട അദ്ദേഹം ക്വാറികള്‍ക്ക് അനുമതി നല്‍കുന്നത് നിര്‍ത്തലാക്കുന്നതാണ് നല്ലതെന്നും കൂട്ടിച്ചേര്‍ത്തു.


നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിന്‍റെ സത്ത ചോര്‍ത്തിക്കളയരുതെന്നും അത് പ്രാവര്‍ത്തികമാക്കണമെന്നും പറഞ്ഞ വി.എസ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രവചനങ്ങള്‍ ശരിയാണെന്ന് ഇപ്പോള്‍ തെളിഞ്ഞുവെന്നും വ്യക്തമാക്കി. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ ശാസ്ത്രീയമായി സംസ്ഥാനം പരിഗണിച്ചില്ലെന്നും അതിനെ രാഷ്ട്രീയമായി മാത്രമാണ് പരിഗണിച്ചതെന്നും കുറ്റപ്പെടുത്തിയ അദ്ദേഹം വന്‍കിട കൈയേറ്റങ്ങളും അനധികൃത ഭൂവിനിയോഗങ്ങളും അംഗീകരിക്കാനാവില്ലെന്നും പ‌റഞ്ഞു.

പരിസ്ഥിതിലോല പ്രദേശത്തിന്‍റെ അര്‍ഥം പ്രകൃതി നമ്മെ പഠിപ്പിക്കാനുള്ള ഇട ഇനി ഒരിക്കല്‍ കൂടി വരുത്തരുതെന്ന മുന്നറിയിപ്പോടെയാണ് വി.എസ് തന്‍റെ വാക്കുകള്‍ അവസാനിപ്പിച്ചത്.



Sharing is Caring