ഷുഹൈബ് വധക്കേസ് പ്രതികളുടെ ജീവന് ഭീഷണിയെന്ന് റിപ്പോര്‍ട്ട്


കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികളുടെ ജീവന് ഭീഷണിയുടണ്ടെന്ന് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്. സിപിഎം പ്രവര്‍ത്തകരായ ആകാശ്, രജിന്‍ രാജ് എന്നിവരുടെ ജീവനു ഭീഷണിയുണ്ടെന്നാണു മട്ടന്നൂര്‍ പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്.


മട്ടന്നൂര്‍ കോടതിയില്‍ പ്രതികളെ പോലീസ് ഹാജരാക്കിയിരുന്നു. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും പോലീസ് വ്യക്തമാക്കി. പ്രതികളുടെ ജീവനു ഭീഷണിയുണ്ടെന്നും പുറത്തു വിട്ടാല്‍ മറ്റു പ്രതികളുമായി ഇടപഴകാന്‍ സാധ്യതയുണ്ടെന്നും പോലീസ് പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തിരുന്നു.


അതേസമയം, കേസിലെ മറ്റു പ്രതികള്‍ക്കുവേണ്ടിയുള്ള തിരിച്ചില്‍ തുടരുകയാണ്. ഇവരെ ഉടന്‍ പിടികൂടുമെന്ന് പോലീസ് വ്യക്തമാക്കി. അതിനിടെ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന നിരാഹാര സമരം പ്രതികളെ പിടികൂടുന്നതുവരെ തുടര്‍ന്നേക്കും. കെ. സുധാകരന്‍ കലക്ടറേറ്റ് പടിക്കല്‍ നടത്തുന്ന നിരാഹാര സമരം കെപിസിസിയുടെ അനുമതിയോടെ തുടരുമെന്നു നേരത്തേ അറിയിച്ചിരുന്നു. തിങ്കളാഴ്ച രാവിലെയാണു നിരാഹാരം തുടങ്ങിയത്.



Sharing is Caring