ഷുഹൈബ് വധക്കേസില്‍ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി ; പ്രതികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി, ഒന്നൊഴിയാതെ അറസ്റ്റ് ചെയ്യുമെന്നും ഉറപ്പ്


തിരുവനന്തപുരം: ഷുഹൈബ് വധക്കേസില്‍ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഷുഹൈബ് വധിക്കപ്പെട്ട് ആറുദിവസങ്ങള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ആദ്യമായി പ്രതികരിക്കുന്നത്. പ്രസ്താനയിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.


‘ഷുഹൈബ് വധക്കേസില്‍ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. നിഷ്പക്ഷമായ അന്വേഷണമാണ് നടക്കുക. ആരാണ് പ്രതികള്‍ എന്നതോ എന്താണ് അവരുടെ ബന്ധങ്ങള്‍ എന്നതോ അന്വേഷണത്തെ ഏതെങ്കിലും തരത്തില്‍ ബാധിക്കില്ല. മുഖം നോക്കാതെയുള്ള നടപടികളുമായി പോലീസ് മുമ്ബോട്ടു പോവുകയും ഇതുമായി ബന്ധപ്പെട്ട കുറ്റവാളികളെ ഒന്നൊഴിയാതെ അറസ്റ്റ് ചെയ്യുകയും ചെയ്യും എന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.


ഇപ്പോള്‍ ചിലര്‍ പോലീസ് കസ്റ്റഡിയിലുണ്ട്. മറ്റുള്ളവരേയും ഉടനെ പിടികൂടും. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’ എന്നും മുഖ്യമന്തി വ്യക്തമാക്കി. ഇത് അദ്ദേഹത്തിന്റെ ഫേസ് ബുക് പേജിലും വാട്സാപ്പ് ഗ്രൂപ്പിലും പോസ്റ്റും ചെയ്തു.

അതേസമയം ഇത്രയും ദിവസം കൊലപാതകത്തില്‍ പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ പ്രതികരിച്ചതിനു പിന്നില്‍ അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ സമ്മര്‍ദമാണെന്നാണ് വിവരം. കാന്തപുരത്തിന്റെ സന്ദര്‍ശനത്തിനു പിന്നാലെയാണ് മുഖ്യമന്ത്രി ആദ്യമായി ഷുഹൈബ് വധത്തില്‍ പ്രതികരിച്ചത്.



Sharing is Caring