കോഴിക്കോട്: ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ മുരളീധരന്‍ എംപി. കോണ്‍ഗ്രസിന്റെ പരാതി അക്ഷരാര്‍ത്ഥത്തില്‍ ശരിവെക്കുന്നതാണ് ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലെന്ന് അദ്ദേഹം പറഞ്ഞു. കേസില്‍ സിബിഐ അന്വേഷണം വേണം. ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയതാണ് ഷുഹൈബിനെ. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി നിയമ നടപടി ആലോചിക്കുമെന്നും കെ മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.
കഴിഞ്ഞ ദിവസം ഫേസ്‌ബുക്ക് കമന്റായി ആകാശ് തില്ലങ്കേരി നടത്തിയ വിവാദ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്നയിടങ്ങളില്‍ ഏര്‍പ്പെടുത്തുന്ന അസാധാരണ സുരക്ഷയിലും കെ മുരളീധരന്‍ അതൃപ്തി അറിയിച്ചു. ‘മുഖ്യമന്ത്രി ഇറങ്ങുന്നുണ്ട്, സൂക്ഷിക്കുക’ എന്ന ബോര്‍ഡ് വെക്കേണ്ട അവസ്ഥയാണെന്നും എം പി വിമര്‍ശിച്ചു. ആര്‍എസ്‌എസ്- ജമാ അത്തെ ഇസ്ലാമി കൂടിക്കാഴ്‌ച്ച സംബന്ധിച്ച റിപ്പോര്‍ട്ടുകളോടും കെ മുരളീധരന്‍ രൂക്ഷഭാഷയില്‍ പ്രതികരിച്ചു. വെട്ടാന്‍ വരുന്ന പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല.

ആര്‍എസ്‌എസ് നയം മാറ്റാന്‍ ആര് വിചാരിച്ചാലും നടക്കില്ല.ന്യൂനപക്ഷത്തെ ഇല്ലാതാക്കുകയാണ് ലക്ഷ്യം. മതേതര ശക്തിയുടെ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് കൂടിക്കാഴ്‌ച്ചയെന്നും കെ മുരളീധരന്‍ പറഞ്ഞു.ലൈഫ് മിഷന്‍ കേസില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണം. എങ്കിലേ സത്യം പുറത്ത് വരൂ. അല്ലെങ്കില്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷണം രണ്ടാം അധ്യായമായി അവസാനിക്കും. മുഖ്യമന്ത്രി രാജിവെക്കുന്നതാണ് മാന്യത. ഇല്ലെങ്കില്‍ നാണം കെട്ട് പുറത്ത് പോകേണ്ടി വരുമെന്നും കെ മുരളീധരന്‍ പറഞ്ഞു.













