കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കെപിസിസി രാഷ് ട്രീയകാര്യസമിതി അംഗം കെ സുധാകരന് കത്തയച്ചു. ഷുഹൈബിന്റെ ഘാതകരെ നിയമത്തിന് മുമ്ബില്‍ കൊണ്ടുവരുന്നതിന് അടിയന്തരമായി ഇടപെടണമെന്നാണ് കത്തിലെ ആവശ്യം.
ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാജയപ്പെട്ടതായി അദ്ദേഹം കത്തില്‍ കുറ്റപ്പെടുത്തുന്നു. പാര്‍ട്ടി സെക്രട്ടറിയുടെ നിലവാരത്തില്‍ മാത്രമാണ് പിണറായി പ്രവര്‍ത്തിക്കുന്നത്. ലോകത്ത് എവിടെയും നടക്കുന്ന മനുഷ്യക്കുരുതിയെക്കുറിച്ചും പ്രസംഗിക്കുന്ന സിപിഎം നേതൃത്വം കേരളത്തിലെ നരനായാട്ടുകള്‍ കാണുന്നില്ല.

കേരളത്തിലെ പാര്‍ട്ടി ഏതാനും ക്രിമിനലുകളുടെ കൈയിലാണുള്ളത്. വര്‍ഗീയ ഫാസിസത്തിനെതിരായ പോരാട്ടം ശക്തമാക്കണമെന്ന സന്ദേശം പകരുന്ന കാലത്ത് ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട നിരപരാധിയായ ഒരു ചെറുപ്പക്കാരനെ നിഷ്ഠൂരമായി വധിച്ചത്. കണ്ണൂര്‍ ജില്ലയിലെ ക്രിമിനലുകളായ നേതാക്കളേയും പ്രവര്‍ത്തകരേയും നിലയ്ക്കുനിര്‍ത്താന്‍ അഖിലേന്ത്യ നേതൃത്വം തയ്യാറാകണമെന്ന് സുധാകരന് കത്തില്‍ ആവശ്യപ്പെട്ടു.













