ശ്രീനഗറില്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, 15 പേര്‍ക്ക് പരുക്ക്


ജമ്മു കശ്മീരിലെ ശ്രീനഗറില്‍ തീവ്രവാദി ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പൊലിസ് ഉദ്യോഗസ്ഥനടക്കം 15 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ശ്രീനഗറിലെ ജഹാംഗീര്‍ ചൗക്കിലാണ് സംഭവം.


ഗ്രനേഡ് ആക്രമണമാണ് ഉണ്ടായതെന്ന് ശ്രീനഗര്‍ എസ്.എസ്.പി ഇംതിയാസ് പരായ് പറഞ്ഞു.


വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ആക്രമണമുണ്ടായത്. ഗ്രനേഡ് എറിഞ്ഞയാള്‍ക്കും പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജമ്മു കശ്മീരിലെ ബുഡ്ഗാം ജില്ലയില്‍ താമസക്കാരനായ മഖ്‌സൂദ് ഷാ എന്നയാളാണ് കൊല്ലപ്പെട്ടത്.

ബുധനാഴ്ച, ഷോപ്പിയാനില്‍ പൊലിസ് സ്റ്റേഷനു നേരെ ഗ്രനേഡ് എറിഞ്ഞിരുന്നു. ഇത് പൊട്ടിയിരുന്നില്ല. ഈ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം പുരോഗമിക്കവെയാണ് വീണ്ടും ഗ്രനേഡ് ആക്രമണം ഉണ്ടായിരിക്കുന്നത്.



Sharing is Caring