ശുഹൈബ് വധം: പ്രതികളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് സിപിഐഎം


തൃശൂര്‍: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് സിപിഐഎം. പ്രതികളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് സിപിഐഎം നേതൃത്വം വ്യക്തമാക്കി.പ്രതികളായിട്ടുള്ള പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സംസ്ഥാനനേതൃത്വം ജില്ലാ നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൃശൂരില്‍ നടക്കുന്ന പാര്‍ട്ടി സംസ്ഥാനസമ്മേളനത്തിന് ശേഷമാകും നടപടി ഉണ്ടാവുക.


സിപിഐഎം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് ആക്രമണം നടത്തിയതെന്ന് പിടിയിലായവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഡമ്മി പ്രതികളെ ഇറക്കി രക്ഷപെടുത്താമെന്ന് സംഘത്തില്‍ ഉണ്ടായിരുന്ന പ്രാദേശിക ഡിവൈഎഫ്‌ഐ നേതാവ് ഉറപ്പ് നല്‍കിയിരുന്നതായും മൊഴിയില്‍ പറയുന്നുണ്ട്.


ശുഹൈബ് വധത്തില്‍ ഇതുവരെ രണ്ട് പ്രതികളാണ് അറസ്റ്റിലായിരിക്കുന്നത്. ഇവര്‍ സിപിഐഎം പ്രവര്‍ത്തകരാണെന്ന് ഇതിനോടകം തന്നെ വ്യക്തമായിട്ടുണ്ട്. പ്രതികളില്‍ ഒരാളായ ആകാശ് തില്ലങ്കേരി സിപിഐഎം പ്രവര്‍ത്തകനാണെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ തന്നെ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, ആകാശ് കുറ്റക്കാരനാണോ എന്നത് പാര്‍ട്ടി സ്വയം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികള്‍ അഞ്ച് പേരും സിപിഐഎം പ്രവര്‍ത്തകരാണെന്ന് ഉത്തരമേഖലാ എഡിജിപി രാജേഷ് ദിവാനും വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ പാര്‍ട്ടി വന്‍പ്രതിരോധത്തില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പാര്‍ട്ടി നിലപാടെടുത്തിരിക്കുന്നത്.

പാര്‍ട്ടിക്ക് ശുഹൈബ് വധത്തില്‍ പങ്കില്ലെന്നായിരുന്നു തുടക്കം മുതല്‍ സിപിഐഎം കൈക്കൊണ്ടിരുന്ന നിലപാട്. പാര്‍ട്ടിക്ക് വധത്തില്‍ പങ്കില്ലെന്നും പാര്‍ട്ടിപ്രവര്‍ത്തകരെ കൊലപാതകത്തില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നുമായിരുന്നു പാര്‍ട്ടി സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടത്.



Sharing is Caring