ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാനുള്ള സിപിഐഎമ്മിന്റെ തന്ത്രം നടക്കില്ലെന്ന് പി.എസ്.ശ്രീധരന്‍പിള്ള


തിരുവനന്തപുരം: വിശ്വാസത്തെ ഹനിക്കുന്ന ഒരു പ്രവൃത്തിയും ആരില്‍നിന്നും ഉണ്ടാകാന്‍ പാടില്ലെന്നും ഇക്കാരണത്താല്‍ കോടതിവിധിയോട് സമ്മിശ്രമായി പ്രതികരിക്കാനേ ഇപ്പോള്‍ കഴിയൂവെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആശയസംഘര്‍ഷത്തിലേക്ക് പോകാതെ സര്‍ക്കാര്‍ സമന്വയത്തിന്റെ അന്തരീക്ഷം ഉണ്ടാക്കണം. വിധി വായിച്ചശേഷം ബിജെപി വിശദമായി പ്രതികരിക്കും. ആരാധനാ രംഗത്ത് ലിംഗ വ്യത്യാസമില്ലാതെ എല്ലാവരേയും തുല്യരായി പരിഗണിക്കണം എന്നാണ് ബിജെപി ദേശീയതലത്തില്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. എന്നാല്‍ വിശ്വാസത്തെ ബലപ്പെടുത്തണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.


ആരാധന സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് തന്ത്രിമാരും ആചാര്യന്‍മാരുമാണ്. അവരുടെ അഭിപ്രായം മുഖവിലയ്‌ക്കെടുക്കണം. എടുത്തുചാടി സര്‍ക്കാര്‍ ഒന്നും ചെയ്യരുത്. വിശ്വാസത്തിന് കോട്ടം വരാന്‍ പാടില്ലാത്തതിനൊപ്പം സ്ത്രീ സമത്വം ഉണ്ടാകണം. സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത എത്രയേ ആരാധനാലയങ്ങള്‍ മറ്റു സമുദായങ്ങളിലുണ്ടെന്നും ചോദ്യത്തിന് മറുപടിയായി ശ്രീധരന്‍പിള്ള പറഞ്ഞു.


വിധി വന്നയുടനെ സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുമെന്നാണ് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാനുള്ള സിപിഐഎമ്മിന്റെ തന്ത്രം നടക്കില്ല. സര്‍ക്കാര്‍ ആരെയും പ്രകോപിതരാക്കരുത്. സംഘര്‍ഷത്തിലേക്ക് കാര്യങ്ങളെ എത്തിക്കാതിരിക്കാന്‍ ദേവസ്വം ബോര്‍ഡും ശ്രദ്ധിക്കണം. വിധിയെ സര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിച്ചാല്‍ ബിജെപി എതിര്‍ക്കും.



Sharing is Caring