ശബരിമലയിലെ സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി ദുരൂഹമെന്ന് പന്തളം കൊട്ടാരം


ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ച് സുപ്രീംകോടതി നടത്തിയ പരാമര്‍ശം ദുരൂഹമാണെന്ന് പന്തളം കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് പി.ജി.ശശികുമാരവര്‍മ പറഞ്ഞു. തീര്‍ത്ഥാടനകാലം അതിന്റെ പാരമ്യത്തിലെത്തി നില്‍ക്കുമ്പോഴാണ് വിധിയെന്നത് സംശയത്തിനിട നല്കുന്നു. ഹൈന്ദവ ക്ഷേത്രങ്ങള്‍ക്ക് ചില ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. പത്മനാഭസ്വാമി ക്ഷേത്രത്തിലും ഗുരുവായൂരിലും ആചാരങ്ങള്‍ വ്യത്യസ്തവുമാണ്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് ദര്‍ശനം നിഷേധിച്ചിട്ടില്ല. പത്തിനും അമ്പതിനും ഇടയ്ക്ക് പ്രായമുള്ളവര്‍ക്കാണ് നിയന്ത്രണം. ഈ പരിധിക്കു മുമ്പും പിമ്പും സ്ത്രീകള്‍ക്ക് പ്രവേശനമാകാം.


ശബരിമല കാനനക്ഷേത്രമാണെന്ന വസ്തുതയും സ്ത്രീകളുടെ നിയന്ത്രണത്തിനു മറ്റൊരു കാരണമാണ്. കഠിനവ്രതമനുഷ്ഠിച്ചെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് അതിനു വിഘാതമാവുന്നതൊന്നും ഉണ്ടാവാന്‍ പാടില്ല. അസംബ്ലിയില്‍ തീരുമാനമെടുക്കുന്ന ലാഘവത്തോടെ ക്ഷേത്രാചാരങ്ങള്‍ മാറ്റാനാവില്ല. അതിനു ദേവഹിതം അറിയണമെന്നും കോടതി പരാമര്‍ശം സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് അധികൃതരെ തങ്ങളുടെ നിലപാട് അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 1500 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ത്രീകള്‍ ശബരിമലയില്‍ പൂജ ചെയ്തിട്ടില്ല എന്നതിനു തെളിവുണ്ടോയെന്ന കോടതിയുടെ പരാമര്‍ശത്തിനു, പൂജിച്ചിട്ടുണ്ടോയെന്നതിന് തെളിവുണ്ടോയെന്ന് അദ്ദേഹം പ്രതികരിച്ചു.




Sharing is Caring