വ്യാജ ഒസ്യത്ത്; ജോളിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് കാണാതായതായി സ്ഥിരീകരണം


കോഴിക്കോട്: വ്യാജ ഒസ്യത്ത് നിര്‍മിച്ച്‌ ഭൂമി തട്ടിയെടുത്ത സംഭവത്തില്‍ ജോളിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് കാണാതായതായി സ്ഥിരീകരണം. ജോളിക്കെതിരെ വില്ലേജ് ഓഫീസര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് കാണാതായത്. ഓമശേരി പഞ്ചായത്തില്‍ നിന്നും റിപ്പോര്‍ട്ട് കാണാതായ സംഭവത്തില്‍ അധികൃതരോട് പഞ്ചായത്ത് വിശദീകരണം തേടി.


ടോം തോമസിന്റെ പേരിലുള്ള വീടും സ്ഥലവും വ്യാജ ഒസ്യത്തും രേഖകളും ഹാജരാക്കി ജോളി സ്വന്തം പേരിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് മറ്റ് ബന്ധുക്കള്‍ പരാതിയുമായി വന്നപ്പോള്‍ വില്ലേജ് ഓഫീസര്‍ ഇക്കാര്യം പരിശോധിക്കുകയും ജോളി ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് തിരിച്ചറിയുകയും ചെയ്തു. തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പഞ്ചായത്തിനടക്കം കൈമാറിയിരുന്നു. ഇതോടെ ജോളിയുടെ പേരിലേക്ക് മാറ്റിയ വസ്തുവിന്റെ ഉടമസ്ഥാവകാശം തിരികെ മാറ്റിയിരുന്നു. ഇക്കാര്യം ഓമശേരി പഞ്ചായത്തിന്റെ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുമുണ്ടായിരുന്നു. വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.


ജോളിക്കെതിരായ റിപ്പോര്‍ട്ട് കാണാതായതിനെ തുടര്‍ന്ന് രജിസ്റ്റര്‍ അടക്കമുള്ള മറ്റ് രേഖകള്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. റിപ്പോര്‍ട്ട് കാണാതായതില്‍ പഞ്ചായത്ത് അധികൃതരോട് അന്വേഷണ സംഘം വിശദീകരണം തേടി.



Sharing is Caring