തിരഞ്ഞെടുപ്പ് യന്ത്രത്തില്‍ കൃത്രിമം നടത്താന്‍ കഴിയില്ലെന്ന് വ്യക്തമാക്കി കൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക വാര്‍ത്താ സമ്മേളനം ഇന്ന്.
വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് വെല്ലുവിളിയുമായി കമ്മീഷന്‍ രംഗത്തെത്തിയത്. ഡല്‍ഹിയില്‍ രണ്ട് മണിക്കൂറോളം നീളുന്ന വാര്‍ത്ത സമ്മേളനത്തിനിടെ വോട്ടിങ്, വിവി പാറ്റ് യന്ത്രങ്ങളുടെ തത്സമയ
അവതരണവും നടക്കും. വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് നടത്തുമെന്ന് തെളിയിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മറ്റുള്ളവര്‍ക്കും അവസരം നല്‍കുന്ന ‘ഇ.വി.എം. ചാലഞ്ച്’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ സമയക്രമം കമ്മിഷന്‍ ഇന്ന് പ്രഖ്യാപിക്കും. എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും വെല്ലുവിളി ഏറ്റെടുക്കാം.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ വ്യാപക കൃത്രിമം നടന്നിരുന്നെന്ന് ബി.എസ്.പി, ആം ആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. വോട്ടിങ് യന്ത്രത്തിനുപകരം പഴയ രീതിയില്‍ ബാലറ്റ് പേപ്പറിലേക്ക് തിരിച്ചുപോകണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അടുത്തിടെ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ ഈ പാര്‍ട്ടികള്‍ ആവശ്യപ്പെടുകയുണ്ടായി. ഈ മാസം 12 ന് സര്‍വകക്ഷി യോഗം വിളിച്ച കമ്മീഷന്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്തു. തുടര്‍ന്നാണ് കമ്മീഷന്‍ നടപടി.













