വോട്ടര്‍പട്ടികയില്‍ നിങ്ങളുടെ പേരുണ്ടോയെന്ന് പരിശോധിക്കാം ഈ വെബ്‌സൈറ്റില്‍; തദ്ദേശ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ അവസാനം


തിരുവനന്തപുരം : വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ 2 അവസരം കൂടി നല്‍കുമെന്നു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണര്‍ വി.ഭാസ്‌കരന്‍. വോട്ടര്‍പട്ടികയിലെ പേരുണ്ടോയെന്ന് കമ്മിഷന്റെ www.lsgelection.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ പരിശോധിക്കാം.


2015ലെ പട്ടിക കരടായി കഴിഞ്ഞ ജനുവരി 20നു പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ ആകെ 2,51,58,230 വോട്ടര്‍മാരുണ്ടായിരുന്നു. മാര്‍ച്ച്‌ 16 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചാണ് അന്തിമപട്ടിക പ്രസിദ്ധീകരിച്ചത്.


തദ്ദേശഭരണ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 14.79 ലക്ഷം പുതിയ വോട്ടര്‍മാരാണുള്ളത്. ആകെ 2.62 കോടി വോട്ടര്‍മാരാണുള്ളത്.

മരിച്ചവര്‍, സ്ഥിരതാമസമില്ലാത്തവര്‍ ഉള്‍പ്പെടെ 4,34,317 വോട്ടര്‍മാരെ കരടു പട്ടികയില്‍നിന്ന് ഒഴിവാക്കി. മലപ്പുറം ജില്ലയിലെ എടയൂര്‍, എടപ്പാള്‍ ഗ്രാമ പഞ്ചായത്ത് ഓഫിസുകള്‍ കോവിഡ് പ്രോട്ടോക്കോള്‍ മൂലം അടച്ചിട്ടിരിക്കുന്നതിനാല്‍ അവ തുറക്കുന്ന മുറയ്ക്കു പട്ടിക പരിശോധനയ്ക്കു ലഭ്യമാക്കും.

തദ്ദേശ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ അവസാനം നടത്താനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് സമയം ദീര്‍ഘിപ്പിക്കും. കോവിഡ് പടരുന്നതിനാല്‍ വലിയ യോഗങ്ങള്‍ക്കോ പ്രചാരണ പരിപാടികള്‍ക്കോ അനുവാദമുണ്ടാകില്ല. വെര്‍ച്വല്‍ ക്യാംപയിന്‍ സാധ്യതകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കേണ്ടി വരുമെന്നും തിരഞ്ഞെടുപ്പു കമ്മിഷണര്‍ വ്യക്തമാക്കി.



Sharing is Caring