വേങ്ങരയില്‍ വോട്ടെണ്ണല്‍ തുടങ്ങി;ആദ്യഫലസൂചനകൾ യു.ഡി.എഫിന് അനുകൂലം


മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ ആരംഭിച്ചു. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുന്നത്. വോട്ടെണ്ണലിന് 14 മേശകളാണ് സജ്ജീകരിച്ചിരിക്കുന്നത്. യു.ഡി.എഫിനായി അഡ്വ. കെ.എന്‍.എ. ഖാദര്‍, എല്‍.ഡി.എഫിന് അഡ്വ. പി.പി. ബഷീര്‍, ബി.ജെ.പിക്ക് കെ. ജനചന്ദ്രന്‍ എന്നിവരാണ് മത്സരിച്ചത്.


2016ല്‍ സി.പി.എമ്മിലെ പി.പി. ബഷീറിനെ 38,057 വോട്ടുകള്‍ക്ക് പി.കെ. കുഞ്ഞാലിക്കുട്ടി പരാജയപ്പെടുത്തിയിരുന്നു. ഈ ഭൂരിപക്ഷം നിലനിറുത്താനാവുമെന്ന പ്രതീക്ഷയിലാണ് മുസ്ളിംലീഗ്. ഇ. അഹമ്മദിന്റെ വേര്‍പാടിനെ തുടര്‍ന്ന് ഏപ്രിലില്‍ നടന്ന ലോക്സഭ ഉപതിരഞ്ഞെടുപ്പില്‍ വേങ്ങര മണ്ഡലത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് 40,529 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു.


വേങ്ങരയുടെ ചരിത്രത്തിലെ മികച്ച മത്സരം കാഴ്ചവയ്ക്കാനായെന്ന ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫ്. അട്ടിമറി പ്രതീക്ഷ പുലര്‍ത്തുന്നില്ലെങ്കിലും ഭൂരിപക്ഷം കുറയ്ക്കാനാവുമെന്നാണ് സി.പി.എം വിലയിരുത്തല്‍. മൂന്നാംസ്ഥാനം നിലനിറുത്താനാവുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. വേങ്ങരയിലെ രണ്ട് തിരഞ്ഞെടുപ്പുകളില്‍ ഒന്നില്‍ എസ്.ഡി.പി.ഐക്ക് പിന്നില്‍ നാലാമതായിരുന്നു ബി.ജെ.പി.



Sharing is Caring