തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. ഹംസദ് എന്നയാളെയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, കേസിലെ പ്രതിയായ ഫൈസല്‍ ഫരീദിന്റെ സഹായി എന്ന് കരുതുന്ന റബിന്‍സിന്റെ പാസ്പോര്‍ട്ട് കണ്ടുകെട്ടാനുള്ള നടപടി കസ്റ്റംസ് ആരംഭിച്ചു. സ്വര്‍ണം അയക്കാന്‍ ഫൈസലിനെ സഹായിച്ചത് റബിന്‍സാണെന്ന് കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു.
കേസിലെ രണ്ടാംപ്രതി സ്വപ്ന സുരേഷ് കള്ളക്കടത്തിലൂടെ നേടിയ വന്‍ സമ്ബത്ത് ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചതായി ദേശീയ അന്വേഷണ ഏജന്‍സി സൂചിപ്പിച്ചത് പുതിയ വിവാദത്തിന് കളമൊരുക്കി.സ്വപ്ന സുരേഷിനെയും നാലാംപ്രതി സന്ദീപ് നായരെയും ഇന്നലെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സമര്‍പ്പിച്ച കസ്റ്റഡി റിപ്പോര്‍ട്ടിലാണ് അമ്ബരപ്പിക്കുന്ന വിവരം. സ്വപ്നയ്ക്ക് ബാങ്കുകളിലും മറ്റിടപാടുകളിലുമായി വന്‍ സാമ്ബത്തിക നിക്ഷേപമുണ്ടെന്നും, കള്ളക്കടത്തിലൂടെ ലഭിച്ച സമ്ബത്ത് പലമാര്‍ഗങ്ങളിലൂടെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു ഫണ്ട് ചെയ്യാന്‍ ഉപയോഗിച്ചതായി സംശയിക്കുന്നുവെന്നും കസ്റ്റഡി റിപ്പോര്‍ട്ടില്‍ പറയുന്നു.














