വിജയം തുടരാന്‍ ഇന്ത്യ; അവസാന ഏകദിനം ഇന്ന് സെഞ്ചൂറിയനില്‍


സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആറാമത്തെയും അവസാനത്തെയും ഏകദിന മത്സരം ഇന്ന് സെഞ്ചൂറിയനില്‍ നടക്കും. ആറ് മത്സര പരമ്ബര 4-1 ന് നേരത്തെ സ്വന്തമാക്കിയെങ്കിലും ഇന്നത്തെ മത്സരത്തിലും വിജയം തന്നെയാണ് ലക്ഷ്യമെന്ന് നായകന്‍ വിരാട് കോഹ്ലി നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം ആതിഥേയര്‍ക്ക് ഇന്ന് അഭിമാനപോരാട്ടമാണ്.


25 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഒരു പരമ്ബര സ്വന്തമാക്കുന്നത്. പരമ്ബര വിജയം, ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്താന്‍ ഇന്ത്യയെ സഹായിച്ചു. ട്വന്റി20 മത്സരത്തിന് മുന്‍പ് സെഞ്ചൂറിയന്‍ ഏകദിനത്തിലും വിജയിച്ച്‌ ആധിപത്യം നേടാനാണ് ഇന്ത്യയുടെ ശ്രമം. ഞായറാഴ്ച ജൊഹാനസ്ബര്‍ഗിലാണ് ആദ്യ ട്വന്റി20. തുടര്‍ച്ചയായി ടൂര്‍ണമെന്റ് ഉള്ളതിനാല്‍ ചില താരങ്ങള്‍ക്ക് ഇന്ത്യ ഇന്ന് വിശ്രമം അനുവദിക്കാനാണ് സാധ്യത. പകരം ബെഞ്ചിലെ കളിക്കാര്‍ക്ക് അവസരം നല്‍കിയേക്കും. അങ്ങനെയാണെങ്കില്‍ ട്വന്റി20 തുടങ്ങാനിരിക്കെ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ബുംറ, എന്നിവര്‍ക്ക് വിശ്രമം അനുവദിക്കും.


മറുവശത്ത് ദക്ഷിണാഫ്രിക്ക പരുക്കിന്റെ പിടിയിലാണ്. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലസിസിന്റെ അഭാവത്തില്‍ ഐഡന്‍ മാര്‍ക്രമാണ് ടീമിനെ നയിച്ചത്. എന്നാല്‍ ഭാവി നായകന്റെ കീഴില്‍ ടീം തകര്‍ന്നടിയുന്ന കാഴ്ചയായിരുന്നു പരമ്ബരയിലുടനീളം കാണാനായത്. അതിനാല്‍ തന്നെ അവസാന ഏകദിനത്തില്‍ അഭിമാനപോരാട്ടം നടത്താനായിരിക്കും ആതിഥേയരുടെ ശ്രമം. ഏകദിന പരമ്ബര അടിയറവ് വെച്ചതിന് തൊട്ടുപിന്നാലെ തങ്ങള്‍ അടുത്തൊന്നും ഇത്തരത്തില്‍ സമ്മര്‍ദ്ദത്തിലായിട്ടില്ലെന്ന് സമ്മതിച്ച്‌ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഹാഷിം അംല രംഗത്തെത്തിയിരുന്നു. ഇതിന് മുന്‍പ് 2008 ല്‍ ഇംഗ്ലഡിനെതിരെയാണ് ഇത്തരമൊരു അവസ്ഥ ഉണ്ടായത്. എന്നാല്‍ അതില്‍ നിന്ന് ഞങ്ങള്‍ക്ക് ഏറെ പഠിക്കാനുണ്ടായിരുന്നു, അംല കൂട്ടിച്ചേര്‍ത്തു.

ടൂര്‍ണ്ണമെന്റില്‍ അഞ്ച് സെഞ്ച്വറികളാണ് ഇന്ത്യ ഇതുവരെ കുറിച്ചത്. വിരാട് കോഹ്ലി മൂന്നും രോഹിത്, ധവാന്‍ എന്നിവര്‍ ഓരോ സെഞ്ച്വറിയും സ്വന്തമാക്കി. ഇന്നത്തെ മത്സരം കൂടി വിജയിച്ച്‌ ആഘോഷങ്ങള്‍ ഇരട്ടിയാക്കാനായിരിക്കും കോഹ്ലിയും കൂട്ടരും ലക്ഷ്യമിടുന്നത്. എന്നാല്‍ പരമ്ബര നേട്ടത്തിനിടയിലും ഇന്ത്യയെ അലട്ടുന്ന ചില പ്രശ്നങ്ങളുണ്ട്. മധ്യനിര വേണ്ട വിധത്തില്‍ ഇനിയും ഉണര്‍ന്നിട്ടില്ല. പലപ്പോഴും ഓപ്പണര്‍മാര്‍ നല്‍കുന്ന മികച്ച തുടക്കം മുതലാക്കാന്‍ അജിന്‍ക്യ രഹാന, ശ്രേയസ് അയ്യര്‍, എംഎസ് ധോണി, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരുള്‍പ്പെട്ട മധ്യനിരയ്ക്ക് കഴിയുന്നില്ല എന്നതാണ് വാസ്തവം. സെഞ്ചൂറിയനിലെ സൂപ്പര്‍സ്പോര്‍ട്ട് പാര്‍ക്കില്‍ ഉച്ചയ്ക്ക് ഒന്നിനാണ് മത്സരം.



Sharing is Caring