എറണാകുളം: വരാപ്പുഴ കസ്റ്റഡി കൊലക്കേസില്‍ ശ്രീജിത്തിന്റെ കുടുംബത്തിന് വീണ്ടും ഭീഷണിക്കത്ത്. റിമാന്‍ഡിലുള്ള മൂന്ന് ആര്‍ടിഎഫുകാര്‍ക്കെതിരായ പരാതി പിന്‍വലിച്ചില്ലെങ്കില്‍ ശ്രീജിത്തിന്റെ ഗതി സഹോദരന്‍ സജിത്തിനും ഉണ്ടാകുമെന്നാണ് ഭീഷണി. തിരുവനന്തപുരം റൂറല്‍ എസ്പിയുടെ സ്‌ക്വാഡ് അംഗങ്ങള്‍ എന്ന മേല്‍വിലാസത്തിലാണ് കത്ത്.
തിരുവനന്തപുരം റൂറല്‍ എസ്പിയുടെ ഷാഡോ സ്‌ക്വാഡ് അംഗങ്ങളെന്ന പേരില്‍ ജയന്‍, സുനിലാല്‍, ഷിബു, സുനില്‍ എന്നിവരുടെ പേരിലാണ് ഭീഷണി. തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരായ ടൈഗര്‍ സ്‌ക്വാഡിലെ മൂന്ന് പോലീസുകാര്‍ക്കെതിരെ മാത്രം നല്‍കിയ പരാതി കുടുംബം പിന്‍ലവിക്കണം, അല്ലെങ്കില്‍ ശ്രീജിത്തിന്റെ അവസ്ഥ അനിയനും ഉണ്ടാകുമെന്ന് കത്തില്‍ പറയുന്നു.

എതിര്‍ത്തവരെയെല്ലാം കെട്ടിതൂക്കി, ഉരുട്ടലും, മുളകുപൊടി പ്രയോഗവും നടത്തി ജീവച്ഛവമാക്കിയാണ് വിട്ടിട്ടുള്ളത്, അതുകൊണ്ട് മാധ്യമങ്ങളെ ഒപ്പം നിര്‍ത്തി കളിക്കാന്‍ വരണ്ട എന്നും കത്തില്‍ ഭീഷണിയുണ്ട്. ആറ്റിങ്ങള്‍ സിഐയ്‌ക്കെതിരെ മൊഴി നല്‍കിയവര്‍ ഇത് അനുഭവിച്ചതാണ്, ആ വീഡിയോ മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടും, സര്‍ക്കാരിന് തങ്ങളെ ഒന്നും ചെയ്യാനായില്ല, അതുകൊണ്ട് പറയുന്നത് അനുസരിക്കണമെന്നാണ് കത്തിലെ ആവശ്യം.
കത്ത് അന്വേഷണ സംഘത്തിന് നല്‍കാനാണ് ശ്രീജിത്തിന്റെ കുടുംബത്തിന്റെ തീരുമാനം. ഇതേ മേല്‍വിലാസത്തില്‍ ഏപ്രില്‍ 24 -ാം തിയതിയും കുടുംബത്തിന് ഭീഷണി കത്ത് കിട്ടിയിരുന്നു. അതേസമയം ശ്രീജിത്തിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തയാഴ്ചയിലേക്ക് മാറ്റി.
ഹര്‍ജിയില്‍ വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ സാവകാശം തേടിയതിനെ തുടര്‍ന്നാണിത്. കേസ് ഏറ്റെടുക്കണമെന്ന കുടുംബത്തിന്റെ ആവശ്യത്തില്‍ സിബിഐ ഇന്നും കേടതിയില്‍ നിലപാട് അറിയിച്ചില്ല. ഇതിനിടെ കേസിലെ നാലാം പ്രതി എസ്‌ഐ ജിഎസ് ദീപക്കും ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.













