വടക്കാഞ്ചേരി പീഡനക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ അനില്‍ അക്കര എംഎല്‍എ വിവാദത്തില്‍


വടക്കാഞ്ചേരി പീഡനക്കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയ അനില്‍ അക്കര എംഎല്‍എ വിവാദത്തില്‍. അന്വേഷണ സംഘത്തിനെതിരെ ഡിസിസി ഓഫീസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് രണ്ട് തവണ അനില്‍ അക്കര ഇരയുടെ പേര് വെളിപ്പെടുത്തിയത്. നേരത്തെ ജയന്തനെതിരായ നടപടി വിശദീകരിക്കവേ സിപിഐഎം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തിരുന്നു.ഡിസിസി പ്രസിഡന്റ് പിഎ മാധവന്റെ സാന്നിധ്യത്തില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അനില്‍ അക്കര എംഎല്‍എ രണ്ട് തവണ വടക്കാഞ്ചേരി പീഡനക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയത്. അന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ചായിരുന്നു ഡിസിസി ഓഫീസിലെ വാര്‍ത്താ സമ്മേളനം. പരാതിക്കാരിയുടെ നഗ്നചിത്രം ഫെയ്‌സ്ബുക്കിലിട്ടതുമായി ബന്ധപ്പെട്ട് ആരോപണവിധേയരും യുവതിയും പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ നിജസ്ഥിതി സംബന്ധിച്ച് അന്വേഷണം നടത്താനോ സാമൂഹ്യമാധ്യമങ്ങളിലെ തെളിവ് സ്വീകരിക്കാനോ പൊലീസ് തയ്യാറാകുന്നില്ലെന്ന ആരോപണമുന്നയിച്ചപ്പോഴായിരുന്നു അനില്‍ അക്കര ഇരയുടെ പേര് ആദ്യം വെളിപ്പെടുത്തിയത്.സാമ്പത്തികാരോപണങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ജയന്തന്റെ അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ പോലീസ് തയ്യാറാകുന്നില്ലെന്ന ആരോപണമുന്നയിക്കുമ്പോള്‍ വീണ്ടും അനില്‍ അക്കര ഇരയുടെ പേര് ആവര്‍ത്തിച്ചു.




Sharing is Caring