തിരുവന്തപുരം:ലോക വനിതാദിനത്തില്‍ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ നിയന്ത്രണം പെണ്‍പടയ്ക്ക്.
മാര്‍ച്ച് എട്ടിന് സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ നിയന്ത്രണം വനിതാ പൊലീസുകാര്‍ ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. സ്ത്രി സുരക്ഷയ്ക്കും സംരക്ഷണത്തിനും പരമാവധി പ്രാധാന്യം നല്‍കിയുള്ള സര്‍ക്കാര്‍ നയത്തെ പ്രതീകവല്‍ക്കരിച്ചാണ് സംസ്ഥാന പൊലീസിന്റെ പുതിയ നീക്കം.ഇത് സംബദ്ധിച്ച് എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്കും റേഞ്ച് ഐ.ജിമാര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്കി.
ജില്ലയിലെ വനിത സി.ഐ, എസ്.ഐമാരുടെ എണ്ണം, അവരെ നിയമിക്കാന്‍ കഴിയുന്ന സ്റ്റേഷന് എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ഡി.ജി.പി ആരാഞ്ഞിരിക്കുന്നത്. സംസ്ഥാനത്തെ 55,000ത്തോളം പൊലീസുകാരില്‍ ഒരു വനിത ഡിവൈ.എസ്.പി, 22 വനിത സി.ഐ, 167 എസ്.ഐമാര്‍ എന്നിവര്‍ മാത്രമാണുള്ളത്. ഇവരെവേണം സംസ്ഥാനത്ത് 471 ലോക്കല്‍ പൊലീസ് സ്റ്റേഷനുകളില്‍ ഒരു ദിവസത്തേക്ക് സ്റ്റേഷന് ഹൗസ് ഓഫിസര്‍ (എസ്.എച്ച്.ഒ) ആക്കേണ്ടത്.

അംഗബലമനുസരിച്ച് എല്ലാ സ്റ്റേഷനുകളിലും വനിതാ ഓഫീസര്‍മാരെ നിയമിക്കാന്‍ കഴിയില്ലെങ്കിലും കഴിയുന്നത്ര സ്റ്റേഷനുകളില്‍ അവരെ സി.എച്ച്.ഒ ആയി നിയമിക്കാനാണ് നീക്കം. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കും.












