ചരിത്രത്തിലാദ്യമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കാനുള്ള കുതിപ്പില്‍ ലെസ്റ്റര്‍ സിറ്റിക്ക് കാത്തിരിപ്പ്. മുപ്പത്തിയാറാം റൗണ്ടില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് എവേ മത്സരത്തില്‍ സമനില പാലിക്കേണ്ടിവന്നത് ലെസ്റ്ററിനു തിരിച്ചടിയായത്.
ഇരു ടീമുകളും ഒാരോ ഗോളടിച്ച് പിരിഞ്ഞു. എട്ടാം മിനിറ്റില്‍ ആന്റണി മാര്‍ഷ്യലിന്റെ തകര്‍പ്പന്‍ ഗോളിലൂടെ യുണൈറ്റഡ് മുന്നിലെത്തിയെങ്കിലും, 17ാം മിനിറ്റില്‍ വെസ് മോര്‍ഗനിലൂടെ ലെസ്റ്റര്‍ സമനില പിടിച്ചു. ബാക്കിയുള്ള രണ്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് പോയിന്റ് കൂടി നേടിയാല്‍ ലെസ്റ്ററിന് ആദ്യമായി പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിടാം.

പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും ലെസ്റ്റര്‍ താരങ്ങളേക്കാള്‍ ഏറെ മുന്നിലായിരുന്നു യുണൈറ്റഡ്. അവര്‍ ആകെ പായിച്ച 21 ഷോട്ടുകളില്‍ ആറെണ്ണം ലക്ഷ്യത്തിലേക്ക് നീങ്ങി. ഒരിക്കല്‍ മാത്രം വല കുലുങ്ങി. ലെസ്റ്റര്‍ ഗോളിയുടെ ഉജ്ജ്വല പ്രകടനം യുണൈറ്റഡിനെ വിജയാഘോഷത്തില്‍നിന്ന് തടഞ്ഞുനിര്‍ത്തി.













