തിരുവനന്തപുരം: വിദേശ വനിത ലിഗയെ ആക്രമിച്ചു കൊലപ്പെടുത്തിയത് മൂന്നുപേരെന്നു സൂചന. പ്രതികളില്‍ രണ്ടുപേര്‍ ലഹരി സംഘാംഗങ്ങളും ഒരാള്‍ യോഗാ പരിശീലകനുമാണ്. സംഭവസ്ഥലത്തുനിന്നു മൂന്നുപേര്‍ ഓടിപ്പോകുന്നതു കണ്ടതായി മൊഴി ലഭിച്ചിട്ടുണ്ട്. കാട്ടിലെത്തിച്ചതു യോഗ പരിശീലകനാണെന്നാണ് ലഭിക്കുന്ന സൂചന. വള്ളത്തില്‍നിന്നു വിരലടയാളങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ആന്തരികാവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചശേഷമായിരിക്കും അറസ്റ്റ് ഉണ്ടാവുകയെന്നു പൊലീസ് അറിയിച്ചു.
ലിഗ കൊല്ലപ്പെട്ടതു സംഘം ചേര്‍ന്നുള്ള ആക്രമത്തിലാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. കഴുത്തിനേറ്റ കനത്ത ക്ഷതമാണു മരണകാരണമെന്നും ശരീരത്തില്‍ പത്തിലേറെ മുറിവുകളുണ്ടെന്നും റിപ്പോര്‍ട്ടു പറയുന്നു. കഴുത്തിലേറ്റ ക്ഷതം മൂര്‍ച്ചയുള്ള ആയുധം കൊണ്ടുള്ളതല്ല, ചവിട്ടി ഞെരിച്ചതോ ശ്വാസം മുട്ടിച്ചതോ ആകാം. പത്തിലേറെയിടങ്ങളില്‍ മുറിവുകളുണ്ട്. ഇതു പരിശോധിച്ചപ്പോഴാണ് ഒന്നിലധികം പേര്‍ ചേര്‍ന്നാണ് ആക്രമിച്ചതെന്ന നിഗമനത്തില്‍ ഫൊറന്‍സിക് സര്‍ജന്‍മാര്‍ എത്തിയത്.

ഒന്നിലേറെപ്പേര്‍ ചേര്‍ന്നുള്ള ആക്രമണമെന്നു വ്യക്തമാക്കിയതോടെ കൊലപാതകത്തിനു പിന്നില്‍ ലഹരിസംഘങ്ങളാണന്ന സംശയം ബലപ്പെട്ടിരുന്നു. സംഘാംഗങ്ങളായ അഞ്ചുപേര്‍ കസ്റ്റഡിയിലുണ്ട്. രണ്ടുദിവസത്തിനുള്ളില്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും.












