തിരുവനന്തപുരം: കോവളത്തിനടുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ വിദേശ വനിത ലിഗയുടെ മരണത്തില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു . മരിച്ച ലിഗ കണ്ടല്‍ക്കാട്ടിലെത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന തോണി കണ്ടെത്തി. ഇതില്‍ നിന്ന് വിരലടയാള വിദഗ്ധര്‍ ശേഖരിച്ചു.അതേസമയം ലിഗയെ ഇവിടേക്ക് കൂട്ടിക്കൊണ്ടുവന്നവരെന്ന് സംശയിക്കുന്ന നാലുപര്‍ കസ്റ്റഡിയിലുണ്ട്. ഇവര്‍ക്കൊപ്പം ലിഗ സഞ്ചരിച്ച വഴികളും പൊലീസ് പരിശോധിച്ചു.. ലിഗയുടേത് കൊലപാതകമെന്ന സംശയം ബലപ്പെടുത്തുന്ന സൂചനകളാണ് അന്വേഷണത്തില്‍ നിന്ന് ലഭിക്കുന്നത്.
എന്നാല്‍ ആത്മഹത്യാ സാധ്യത തള്ളി ലിഗയെ പരിശീലിപ്പിച്ച റിസോര്‍ട്ടിലെ യോഗ പരിശീലക ഷിബുവും രംഗത്തെത്തി. ലിഗ സ്ഥിരമായി ക്ലാസുകള്‍ക്ക് എത്താറുണ്ടെന്നും അസ്വാഭാവികമായി ഒന്നും തോന്നിയിട്ടില്ലെന്നും ഷിബു പറഞ്ഞു. പോത്തന്‍കോട് ധര്‍മ ആയുര്‍വേദ റിസോര്‍ട്ടിലെ യോഗ പരിശീലകയാണ് ഷിബു. കാണാതായ ദിവസം ലിഗ യോഗക്ലാസില്‍ പങ്കെടുത്തിരുന്നില്ല. സഹോദരിയോട് ചോദിച്ചപ്പോള്‍ ഉറങ്ങുകയാണെന്ന മറുപടിയാണ് ലഭിച്ചതെന്നും ഷിബു പറഞ്ഞു.

മൃതദേഹം കണ്ടെത്തിയ സ്ഥലം ലഹരിസംഘങ്ങളുടെ താവളമായിരുന്നുവെന്ന് പ്രദേശവാസിയായ കടത്തുകാരന്‍ വെളിപ്പെടുത്തി. മൃതദേഹം കണ്ടെത്തിയതിന്റെ പിറ്റേന്നുമുതല്‍ പലരും ഒളിവില്‍ പോയെന്നും കടത്തുകാരന്‍ പറഞ്ഞു. ചൂണ്ടയിടാനെന്ന വ്യാജേനയാണ് ലഹരി ഉപയോഗിക്കുന്നവരും വില്‍ക്കുന്നവരും കണ്ടല്‍ക്കാടിന്റെ പരിസരത്ത് എത്താറുള്ളത്. ലിഗയുടെ മൃതദേഹം കണ്ടെത്തിയതിന്റെ തലേന്നും ഇവര്‍ എത്തിയിരുന്നുവെന്ന് രംഗനാഥന്‍ പറഞ്ഞു.
അതിനിടെ, ലിഗയുടെ മൃതദേഹത്തില്‍ കണ്ട ജാക്കറ്റ് എവിടെനിന്നു വാങ്ങിയെന്നു കണ്ടെത്താന്‍ പൊലീസിനായിട്ടില്ല. കോവളത്തെ കടകളില്‍ പരിശോധിച്ചെങ്കിലും കൃത്യമായ മറുപടി ആരില്‍നിന്നും ലഭിച്ചില്ല.. ഇതോടെ ആരെങ്കിലും ലിഗയെ ധരിപ്പിച്ചതാവാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇതു കേസില്‍ ദുരൂഹത വര്‍ധിപ്പിക്കുകയും ചെയ്യും.
ലിഗയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നോ നാളയോ ലഭിക്കും. മരണകാരണത്തില്‍ അതോടെ വ്യക്തത വരികയും ചെയ്യു. മൃതദേഹത്തിന് പഴക്കമുള്ളത് കൊണ്ടാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാന്‍ വൈകുന്നത്.













