അറുപത്തിനാലോളം പുതുമുഖ താരങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് ഫെയിം ലിച്ചി എന്ന് പ്രശസ്തയാണ്. അങ്കമാലിയില്‍ ലിച്ചിയായെത്തിയ അന്ന രേഷ്മ രാജന് പേര് മാറ്റുന്നു. മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടിയാണ് രേഷ്മ പേര് മാറ്റുന്നത്. പേരിന് നടുവിലെ രേഷ്മ എന്ന പേര് ഇനി മുതല്‍ ഉണ്ടാകില്ല.
അന്ന രാജന് എന്നാകും ഇനിമുതല്‍ അറിയപ്പെടുന്നത്. വിളിക്കാനുള്ള സൗകര്യത്തിനാണ് പേര് മാറ്റിയതെന്ന് ലിച്ചി പറയുന്നു. ആദ്യ സിനിമയിലെ ടൈറ്റില്‍ കാര്‍ഡില്‍ രേഷ്മ രാജന് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രേഷ്മ രാജനായാലും അന്ന രാജനായാലും ആരാധകര്‍ തന്നെ ലിച്ചിയെന്നെ വിളിക്കാറുള്ളുവെന്ന് ലിച്ചി വ്യക്തമാക്കി.
മോഹന്‍ലാലിനൊപ്പം പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണിപ്പോള്‍ താരം. മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് ഒരുക്കുന്ന വെളിപാടിന്റെ പുസ്തകത്തിലാണ് ലിച്ചി മോഹന്‍ലാലിന്റെ നായികയായെത്തുന്നത്. പ്രിയങ്കയും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.
ലാല്‍ ജോസും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ കോളേജില്‍ പുതുതായി ചുമതല ഏല്ക്കുന്ന പ്രിന്‍സിപ്പാള്‍ മൈക്കിള്‍ ഇടിക്കുള എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. രണ്ടു ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
ഗുരു ശിഷ്യ ബന്ധം പറയുന്ന ചിത്രത്തില്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധമാണ് വരച്ചുകാട്ടുന്നത്. ചിത്രത്തില്‍ അനൂപ് മേനോനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മുന്തിരി വള്ളികള്‍ക്ക് ശേഷം അനൂപ് മേനോനും ലാലുമൊന്നിച്ചുള്ള ചിത്രം കൂടിയാണിത്. സിദ്ദീക്ക്, കലാഭവന്‍ ഷാജോണ്‍, സലിം കുമാര്‍, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂറിന്റെ നിര്‍മ്മാണത്തില്‍ ബെന്നി പി നായരമ്പലം തിരക്കഥയൊരുക്കുന്ന ചിത്രമാണിത്. നീനക്ക് ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഛായാഗ്രാഹണം വിഷ്ണു ശര്‍മ്മയും ഷാന്‍ റഹ്മാന് സംഗീത സംവിധാനവും നിര്‍വ്വഹിക്കും. റഫീക്ക് അഹ്മദ്, വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, അനില്‍ പനച്ചീരാന്, സന്തോഷ് വര്‍മ്മ, മനു രഞ്ജിത്ത് എന്നിവരാണ് ഗാനരചന. ഓണം റിലീസായി ചിത്രം തിയേറ്ററുകളിലെത്തും