ലഭിക്കുന്നതു മോശം ഭക്ഷണമാണെന്നു പരാതിപ്പെട്ട ജവാനെ അറസ്റ്റു ചെയ്തെന്ന് ഭാര്യ


അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്കു നല്‍കുന്നതു മോശം ഭക്ഷണമാണെന്നും പലപ്പോഴും ഭക്ഷണമില്ലാതെ കഴിയേണ്ടിവരുന്നെന്നും പുറംലോകത്തെ അറിയിച്ച ജവാനെ ബിഎസ്‌എഫ് അറസ്റ്റു ചെയ്തുവെന്ന ആരോപണവുമായി ഭാര്യ രംഗത്ത്. സമൂഹമാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്ത വിഡിയോയിലൂടെയാണ് അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ അനുഭവിക്കുന്ന ദുരിതം ബിഎസ്‌എഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവ് പുറംലോകത്തെത്തിച്ചത്. ഇതിനുപിന്നാലെ ഇയാള്‍ അറസ്റ്റിലായെന്നും വിഡിയോ അപ്ലോഡ് ചെയ്തതിന്റെ പേരില്‍ മാനസികമായി പീഡിപ്പിക്കുകയാണെന്നുമാണ് ആരോപണം.


മറ്റാരുടെയോ ഫോണില്‍നിന്നു വിളിച്ചാണ്, വിഡിയോ അപ്ലോഡ് ചെയ്തതിനു പിന്നാലെ താന്‍ അറസ്റ്റിലായതായും കടുത്ത മാനസിക പീഡനം അനുഭവിക്കുന്നതായും ജവാന്‍ അറിയിച്ചതെന്നു ഭാര്യ വെളിപ്പെടുത്തി.
കഴിഞ്ഞ ജനുവരി 31ന് ഭര്‍ത്താവ് അവധിക്കു വരുമെന്നു കരുതിയെങ്കിലും അദ്ദേഹം വന്നില്ല. സ്വയം വിരമിക്കലിനായി നല്‍കിയ അപേക്ഷ അധികൃതര്‍ നിരസിച്ചെന്നു ഭര്‍ത്താവ് പറഞ്ഞതായും ഭാര്യ വാര്‍ത്താ ഏജന്‍സിയോടു വെളിപ്പെടുത്തി.


അതേസമയം, ആരോപണങ്ങള്‍ ബിഎസ്‌എഫ് നിഷേധിച്ചു. ജവാനെ അറസ്റ്റു ചെയ്തിട്ടില്ലെന്നും അന്വേഷണത്തില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനാല്‍ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നും ബിഎസ്‌എഫ് പ്രസ്താവനയില്‍ അറിയിച്ചു. നടപടി സ്വീകരിക്കുന്ന കാര്യത്തില്‍ ഇനിയും അനുമതി ലഭിച്ചിട്ടില്ലെന്നും പ്രസ്താവനയിലുണ്ട്. ജവാനെതിരായ അച്ചടക്ക നടപടിയും കേസും തുടരുന്നതിനാല്‍ അദ്ദേഹത്തിനു സ്വയം വിരമിക്കല്‍ നല്‍കാനാവില്ലെന്നും ബിഎസ്‌എഫ് അറിയിച്ചു.



Sharing is Caring