രാജപുരം: തൊഴില്‍ പരിശീലന സ്ഥാപനത്തിലെ പഠിതാക്കള്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്കു മറിഞ്ഞ് നിരവധി പേര്‍ക്കു പരുക്ക്. കാഞ്ഞങ്ങാട് വെള്ളിക്കോത്തെ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ നിന്നും റാണിപുരം ടൂറിസ്റ്റ് കേന്ദ്രത്തിലേക്കു പോയ സംഘമാണ് അപകടത്തില്‍പെട്ടത്.
വൈകുന്നേരം നാലോടെയാണ്് അപകടം. റാണിപുരത്തുനിന്നു തിരിച്ചുവരുന്നതിനിടയില്‍ പെരുതടി അങ്കണവാടിക്കു സമീപം നിയന്ത്രണം വിട്ട് 30 മീറ്റര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു.

പൂച്ചക്കാട്ടെ ജിഷ (24), ബീന(37), വെള്ളിക്കോത്ത് സ്വദേശികളായ രമ്യ (24 ), രാഖി (22), പൂടംകല്ല് സ്വദേശികളായ ഷൈലജ (27), ഗീത മധു (36), ജയമണി (40), ചാലിങ്കാലിലെ ദീപ (27), ചീമേനിയിലെ ശ്രുതി (32), കാക്കടവിലെ മല്ലിക (31), ദേളിയിലെ അനീഷ (22), വേലാശ്വരത്തെ സിമി (27),കാഞ്ഞങ്ങാട്ടെ പുഷ്പാവതി (47), വിവിധ (36) കൊടവലത്തെ അനിത (36), ചുള്ളിക്കരയിലെ ഗീത (38), പെരിയയിലെ ജ്യോതി (32), മടിക്കൈയിലെ സരിത (32), ശ്രീലേഖ (32), പൊയിനാച്ചിയിലെ പ്രീത (34), കൊട്ടോടിയിലെ രേഷ്മ (22), ഡ്രൈവര്‍ പുഞ്ചാവിയിലെ അബ്ദുല്‍ ലത്തീഫ് (30) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇവരെ പൂടംകല്ല് സി.എച്ച്.സി, കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. സാരമായി പരുക്കേറ്റ സജിത (30) യെ മംഗളൂരുവിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെയാണ് വെള്ളിക്കോത്തെ സ്വയംതൊഴില്‍ സഥാപനത്തില്‍ നിന്നും ഒരുമാസത്തെ ഫാഷന്‍ ഡിസൈനിങ് കോഴ്സ് പൂര്‍ത്തിയാക്കിയ വനിതകള്‍ റാണിപുരത്തേക്ക് വിനോദ യാത്രയ്ക്കായി പോയത്.
യാത്ര കഴിഞ്ഞ് വരുന്നതിനിടയില്‍ നാലുമണിയോടെ പെരുതടി അങ്കണവാടിക്കു സമീപം ബസ് നിയന്ത്രണം വിടുകയായിരുന്നു. യാത്രക്കാര്‍ ബസില്‍ നിന്നും പുറത്തേക്ക് തെറിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.












