രാഷ്ട്രപതി ഭരണമെന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ടെന്ന് കാനം; ആര്‍എസ്എസ് കേരളത്തിന്റെ ചരിത്രം പഠിക്കണം


രാഷ്ട്രപതി ഭരണമെന്ന ഉമ്മാക്കി കാട്ടി ആര്‍എസ്എസ് പേടിപ്പിക്കേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അങ്ങനെ പറഞ്ഞാലും കേരളത്തില്‍ ആരും പേടിക്കില്ല. ആര്‍എസ്എസ് കേരളത്തിന്റെ ചരിത്രം പഠിക്കണമെന്നും കാനം പറഞ്ഞു. ക്രമസമാധാന നില തകര്‍ന്നുവെന്ന് വരുത്തി തീര്‍ക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും അതൊന്നും കേരളത്തില്‍ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.


ഇന്നലെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്നത് ആര്‍എസ്എസിന്റെ സ്വപ്‌നം മാത്രമെന്ന് പ്രതികരിച്ചിരുന്നു. കേരളത്തെ കുറിച്ച് ബിജെപി തെറ്റായ ചിത്രം പ്രചരിപ്പിക്കുന്നു. കൊലപാതകങ്ങളുടെ എണ്ണത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടാന്‍ ശ്രമിക്കുകയാണെങ്കില്‍ ആദ്യം പിരിച്ചുവിടേണ്ടത് ഉത്തര്‍പ്രദേശ് സര്‍ക്കാരാണെന്നും പിന്നെ മഹാരാഷ്ട്രയും ഗുജറാത്തും രാജസ്ഥാനും പിരിച്ചുവിടണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നു.




Sharing is Caring