രാഷ്ട്രപതി തെരെഞ്ഞെടുപ്പ്: സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ഇന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ നിര്‍ണായക യോഗം


രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ നിര്‍ണായക യോഗം ഇന്ന്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ഇന്ന് വൈകിട്ടാണ് യോഗം ചേരുന്നത്. എന്‍എഡിഎ മുന്നോട്ട് വെച്ച രാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കുമോ അതോ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമോ എന്ന കാര്യത്തിലും ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടാകും. എന്നാല്‍ ജെഡിയു കൂടി ഇന്നലെ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്ക് പിന്തുണ വാഗ്ദാനം ചെയ്ത പശ്ചാത്തലത്തില്‍ സ്വന്തമായി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി വിജയിപ്പിച്ചെടുക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മുന്നിലുള്ള സാധ്യത വിരളമാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ദലിത് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ലെങ്കില്‍ എന്‍ഡിഎ യുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കുമെന്ന് ബിഎസ്പിയും അറിയിച്ചിട്ടുണ്ട്. അതേസമയം മുന്‍ കേന്ദ്ര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, മീരാ കുമാര്‍, പ്രകാശ് അംബേദ്കര്‍ എന്നിവരുടെ പേരുകള്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.




Sharing is Caring