രാജ്യത്തെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായ മറുപടി നല്‍കിയെന്ന് ശശി തരൂര്‍ എംപി. ഓപ്പറേഷന് സിന്ദൂര്‍ അനിവാര്യമായ ഒന്നായിരുന്നു എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിങ്ങള്‍ക്ക് എന്താണ് സംഭവിച്ചത് എന്ന് പോയി പറയൂ എന്നാണ് ഭീകരര്‍ പറഞ്ഞത്. ഭീകരതക്ക് ഇന്ത്യ എന്തു മറുപടി നല്‍കുമെന്ന് വ്യക്തമായി എന്നും എം പി പറഞ്ഞു.
ഓപ്പറേഷന് സിന്ദൂറിന്റെ ഗ്ലോബല്‍ ഔട്ട്റീച്ച് മിഷന് നേതൃത്വം നല്കി പ്രതിനിധി സംഘത്തിനൊപ്പം പാനമയിലെത്തിയപ്പോഴാണ് തരൂരിന്റെ പ്രതികരണം.പാനമ അസംബ്ലി പ്രസിഡന്റ് ഡാന കസ്റ്റനെഡ ഉള്‍പ്പെടെയുള്ള പാര്‍ലമെന്റ് അംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നേതാക്കളെല്ലാം വ്യത്യസ്ത രാഷ്ട്രീയ പശ്ചാത്തലത്തിലുള്ളവരാണെങ്കിലും രാജ്യ താല്പര്യത്തിന് വേണ്ടി ഒരുമിച്ച് നിന്നെന്ന് അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലുള്ളവര്‍ക്കെതിരെ പാകിസ്താന് സര്‍ക്കാര്‍ എന്തെങ്കിലും നടപടിയെടുക്കുമെന്ന് കാത്തിരുന്നതിന് ശേഷമാണ് ഇന്ത്യ മെയ് ഏഴിന് ഓപ്പറേഷന് സിന്ദൂര്‍ ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.’ഒരു യുദ്ധം ആരംഭിക്കാന്‍ നമുക്ക് താല്പര്യമുണ്ടായിരുന്നില്ല, എന്നാല്‍ ഒരു ഭീകരപ്രവര്‍ത്തനം ശിക്ഷിക്കപ്പെടാതെ പോകരുതെന്ന് ഞങ്ങള്‍ക്ക് തോന്നി’, ശശി തരൂര്‍ പറഞ്ഞു. ഭീകരവാദികളെ തിരിച്ചറിയുന്നതിനും വിചാരണ ചെയ്യുന്നതിനും പാനമ ഇന്ത്യയെ സഹായിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥന ചെയ്തു. വേദനയും മുറിവുകളും നഷ്ടങ്ങളും സഹിക്കുന്നത് സ്വീകാര്യമല്ലെന്നും ശശി തരൂര്‍ എംപി പറഞ്ഞു.













