രഹന ഫാത്തിമയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും


പത്തനംതിട്ട: ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രഹന ഫാത്തിമയുടെ ജാമ്യാപേക്ഷ പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. രഹന ഫാത്തിമയെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. ജയിലില്‍ എത്തി രഹനയെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് സംഘം കൊട്ടാരക്കര ജയിലിലെത്തി രഹ്നയെ ചോദ്യം ചെയ്തു.


കഴിഞ്ഞ ദിവസം പത്തനംതിട്ട പൊലീസാണ് രഹനയെ കൊച്ചിയിലെത്തി അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ രഹന ഫാത്തിമ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിനെതിരെ ബിജെപി കഴിഞ്ഞ മാസം 20 ന് പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് പത്തനംതിട്ട ടൗണ്‍ സി ഐയുടെ നേതൃത്വത്തിലുള്ള സംഘം രഹനയെ അറസ്റ്റ് ചെയ്തത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മതസ്പര്‍ദ്ധ ഉണ്ടാക്കിയെന്ന കേസില്‍ കഴിഞ്ഞ 27 നായിരുന്നു രഹന ഫാത്തിമ റിമാന്‍ഡിലായത്.


ഫെയ്‌സ്ബുക്ക് പോസ്റ്റിന് പിന്നില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നടക്കമുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295 എ വകുപ്പ് പ്രകാരമാണ് രഹന ഫാത്തിമക്കെതിരെ കേസ്സെടുത്തിരിക്കുന്നത്. അറസ്റ്റിന് പിന്നാലെ ബിഎസ്എന്‍എല്‍ ജീവനക്കാരിയായ രഹനയെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു. ബിഎസ്എന്‍എല്ലിന്റെ പാലാരിവട്ടം ഓഫീസില്‍ ടെലികോം ടെക്‌നീഷ്യന്‍ ആയി ജോലി ചെയ്യുകയായിരുന്നു രഹ്ന.



Sharing is Caring