പത്തനംതിട്ട: കെ.സുരേന്ദ്രനെ കള്ളക്കേസുകളില്‍ കുടുക്കുന്നതിനെതിരെ ബിജെപി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ശബരിമല സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസില്‍ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണിത്.
ഹൈക്കോടതിയെ സമീപിക്കാനായി പ്രമുഖ അഭിഭാഷകരെ കൊണ്ടുവരും. ജാമ്യം ലഭിക്കാതിരിക്കാന്‍ സിപിഐഎം സമ്മര്‍ദത്തിനുവഴങ്ങി പൊലീസ് കൃത്രിമതെളിവുകള്‍ സൃഷ്ടിക്കുകയാണ്. കേസില്‍ കെ. സുരേന്ദ്രന് നിരപരാധിയാണെന്നും കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ജാമ്യം അനുവദിച്ചാലും നിയമപോരാട്ടം തുടരുമെന്നും സംസ്ഥാനപ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.

നിരോധനാജ്ഞ ലംഘിച്ച കേസില്‍ 21ന് ജാമ്യം ലഭിച്ചിട്ടും കെ. സുരേന്ദ്രനെ അനധികൃതമായി തടങ്കലില്‍ പാര്‍പ്പിച്ചതായി അഭിഭാഷകന് കെ. രാംകുമാര്‍ കോടതിയില്‍ വാദിച്ചു. നവംബര്‍ 20നുതന്നെ പ്രൊഡക്ഷന്‍ വാറന്റുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. റിപ്പോര്ട്ടിന്മേല് വ്യാഴാഴ്ച കോടതി വാദം കേട്ടിരുന്നു. സുരേന്ദ്രനെ കൂടാതെ സൂരജ് ഇലന്തൂര്‍, ഹരികൃഷ്ണ, കൃഷ്ണപ്രസാദ്, കൃഷ്ണകുമാര്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.













