ബെംഗളൂരു: ബിഎസ് യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞയ്ക്കെതിരെ കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരുടെ പ്രതിഷേധം. വിധാന്‍സൗധയിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് എംഎല്‍എമാര്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചിരിക്കുന്നത്. കേവലഭൂരിപക്ഷമില്ലാത്ത ബിജെപിയെയും യെദ്യൂരപ്പയെയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചതാണ് കോണ്‍ഗ്രസ്, ജെഡിഎസ് പ്രതിഷേധത്തിന് കാരണം. ഗുലാം നബി ആസാദ്, കെസി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.
അതേസമയം, രാവിലെ ഒമ്പത് മണിയോടെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ വാജുഭായ് വാലയാണ് യെദ്യൂരപ്പയ്ക്ക് സത്യംവാചകം ചൊല്ലിക്കൊടുത്തത്. ബിഎസ് യെദ്യൂരപ്പ മാത്രമാണ് വ്യാഴാഴ്ച അധികാരമേറ്റത്. കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയില്‍ വെള്ളിയാഴ്ച സുപ്രീംകോടതിയില്‍ വാദം കേള്‍ക്കാനിരിക്കെ യെദ്യൂരപ്പയുടെ മുഖ്യമന്ത്രി കസേരയ്ക്ക് എത്രദിവസം ആയുസുണ്ടാകുമെന്നും കണ്ടറിയണം.

ഭൂരിപക്ഷം തെളിയിക്കുന്ന കത്ത് ഹാജരാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതാണ് ബിജെപിയെ വെട്ടിലാക്കിയത്. വെള്ളിയാഴ്ച രാവിലെ പത്തരയ്ക്ക് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ കത്ത് ഹാജരാക്കണമെന്നാണ് നിര്‍ദേശം. ഒരുപക്ഷേ സുപ്രീംകോടതി വിധി എതിരായാല്‍ വെള്ളിയാഴ്ച തന്നെ യെദ്യൂരപ്പയ്ക്ക് സ്ഥാനമൊഴിയേണ്ടി വന്നേക്കാം. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത് മുതല്‍ രാഷ്ട്രീയ അനിശ്ചിതത്വം നിലനിന്നിരുന്ന കര്‍ണാടകയില്‍ കഴിഞ്ഞദിവസം രാത്രിയിലാണ് ഗവര്‍ണര്‍ തീരുമാനമെടുത്തത്. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനും, 15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാനുമാണ് ഗവര്‍ണര്‍ വാജുഭായ് വാല അവസരം നല്‍കിയത്. ഇതോടെ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിക്കുകയും, അര്‍ദ്ധരാത്രി തന്നെ സുപ്രീംകോടതി കേസ് പരിഗണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി തയ്യാറായില്ല.













