യുവാക്കൾ ഒരുമിച്ചിറങ്ങി, ഒരു ഏക്കറോളം തരിശുപാടത്ത് നെൽ കൃഷിയിറക്കി നൂറുമേനി വിജയഗാഥ രചിച്ചു. മുക്കുന്നോത്ത് സർഗധാര കലാവേദി ഉദുമ പഞ്ചായത്ത് കൃഷിഭവന്റെ സഹകരണത്തോടെയാണ് നെൽ കൃഷിയിറക്കിയത്. കൃഷിഭവനിൽ നിന്നു ലഭിച്ച ആതിര വിത്തിലാണ് കൃഷിയിറക്കിയത്. പൂർണരീതിയിൽ ജൈവളം ഉപയോഗിച്ചാണ് കൃഷിയെടുത്തത്. ഈ അരി കൊണ്ട് പഞ്ചായത്തിലെ 10 അങ്കണവാടികളിലെ കുട്ടികൾക്ക് ശിശുദിനത്തിൽ പായസം നൽകാനാണ് ക്ലബ്ബിന്റെ ആദ്യ തീരുമാനം. വിളവെടുപ്പ് ഉൽസവം കെ. കുഞ്ഞിരാമൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൃഷിചെയ്യാൻ പാടം നൽകിയ എം. കരുണാകരൻ, പി.കെ. ശാരദ എന്നിവരെ ആദരിച്ചു. കൃഷി ഓഫിസർ കെ. ജ്യോതി, സർഗധാര കലാവേദി പ്രസിഡന്റ് വി.എം. അനിഷ്, സെക്രട്ടറി ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു. ഇതേ പാടത്ത് ഇടവിള കൃഷിയിറക്കാനും ക്ലബ് അംഗങ്ങൾ തീരുമാനിച്ചു. കഴിഞ്ഞ 30 വർഷത്തിലേറെ ഉദുമയിലെ കലാ–സാംസ്കാരിക –കായിക–സന്നദ്ധ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തുന്ന ക്ലബ് അംഗങ്ങൾ നാടിന്റെ വികസനത്തിനായി വിവിധ പരിപാടികളാണ് നടത്തുന്നത്.













