കൊച്ചി: മരടിലെ അനധികൃത ഫ്ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ ആല്‍ഫാ വെഞ്ചേഴ്സ് ഉടമ ജെ.പോള്‍ രാജ് കീഴടങ്ങി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് ഇയാള്‍ കീഴടങ്ങിയത്. കോടതി പോള്‍ രാജിനെ നവംബര്‍ അഞ്ച് വരെ റിമാന്‍ഡ് ചെയ്തു. ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കും. പോള്‍ രാജ് ഉള്‍പ്പെടെ മരട് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ നവംബര്‍ എട്ടിന് പരിഗണിക്കും.
പോള്‍ രാജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. പോള്‍ രാജിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി ജാമ്യഹര്‍ജി തള്ളിയത്. ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയെങ്കിലും ഇയാള്‍ എത്തിയിരുന്നില്ല. കേസില്‍ മറ്റൊരു ഫ്ളാറ്റ് നിര്‍മാണ കമ്ബനിയായ ഹോളി ഫെയ്ത്തിന്റെ ഉടമ സാനി ഫ്രാന്‍സിസിനെ നേരത്തെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.














