മ്യാന്മർ സന്ദർശിക്കാനൊരുങ്ങി മാർപാപ്പ


മ്യാന്‍മര്‍, ബംഗ്ലാദേശ് രാജ്യങ്ങളിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനത്തിന് ഇന്നു തുടക്കം. കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ചരിത്രത്തിലാദ്യമായാണ് മ്യാന്മാറില്‍ എത്തുന്നത്.


പ്രാദേശിക സമയം ഇന്നു രാത്രി 9.45ന് റോമിലെ ചംപീനോ വിമാനത്താവളത്തില്‍നിന്ന് അലിറ്റാലിയയുടെ പ്രത്യേക ചാര്‍ട്ടര്‍ വിമാനത്തില്‍ പുറപ്പെടുന്ന മാര്‍പാപ്പയും സംഘവും തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30ന് മ്യാന്‍മറിലെ വന്‍നഗരമായ യാംഗൂണിലെത്തും. വിമാനത്താവളത്തില്‍ ആചാരപരമായ വരവേല്‍പ്പിനുശേഷം അദ്ദേഹം വിശ്രമിക്കും.


ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു രണ്ടിന് യാംഗൂണില്‍ നിന്ന് വിമാനത്തില്‍ തലസ്ഥാനമായ നായി പി ഡോയിലെത്തിയ ശേഷം പ്രസിഡന്റിന്റെ കൊട്ടാരത്തിലാകും ഔപചാരിക സ്വീകരണം. തുടര്‍ന്നു പ്രസിഡന്റ് ഹിതിന്‍ കയാവു, സ്റ്റേറ്റ് കൗണ്‍സിലര്‍ ഓങ് സാങ് സൂകി തുടങ്ങിയവരുമായി സുപ്രധാന കൂടിക്കാഴ്ചകള്‍ നടത്തും. മ്യാന്മാര്‍ സന്ദര്‍ശനത്തിന് ശേഷം 30-ാം തിയതി മാര്‍പാപ്പ ബംഗ്ലാദേശിലെത്തും.



Sharing is Caring