മോഡിക്കെതിരെ പ്രതിപക്ഷ ഐക്യം രൂപപ്പെടുന്നു; മുംബൈയില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി


ബി.ജെ.പിക്കെതിരെ സമാന മനസ്കരുടെ കൂട്ടായ്മ ഒരുങ്ങുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മ 29ന് ഡല്‍ഹിയില്‍ യോഗം ചേരും. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ കൂട്ടായ്മ ശക്തമാക്കുകയാണ് ലക്ഷ്യം. ഇതിന് മുന്നോടിയായി മോഡി വിരുദ്ധരായ നേതാക്കള്‍ വെള്ളിയാഴ്ച മുംബൈയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഭരണഘടനയെ സംരക്ഷിക്കൂ എന്ന പേരില്‍ നടത്തിയ പ്രകടനത്തിന് മുന്നോടിയായിട്ടായിരുന്നു കൂടിക്കാഴ്ച.


എന്‍.സി.പി നേതാവ് ശരദ് പവാര്‍, ജെ.ഡി.യു നേതാവ് ശരദ് യാദവ്, സി.പി.ഐ നേതാവ് എ. രാജ, പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേല്‍, നാഷണല്‍ കോണ്‍ഫ്രണ്‍സ് നേതാവ് ഒമര്‍ അബ്ദുള്ള, തൃണമുല്‍ നേതാവ് ദിനേശ് ത്രിവേദി, കോണ്‍ഗ്രസ് നേതാവ് സുശീല്‍ കുമാര്‍ ഷിന്‍ഡെ, പ്രഫുല്‍ പട്ടേല്‍, റാംജഠ്മലാനി, എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്.


ദക്ഷിണ മുംബൈയില്‍ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പാട്ടീലിന്റെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. തുടര്‍ന്ന് അംബേദ്കര്‍ പ്രതിമയില്‍ നിന്ന് ഗേറ്റ് വേ ഓഫ് ഇന്ത്യയിലെ ശിവാജി പ്രതിമ സ്ഥിതി ചെയ്യുന്ന പാര്‍ക്കിലേക്ക് നിശബ്ദ പ്രകടനം നടത്തി. രാജ്യത്തേയും അതിന്റെ ഭരണഘടനയേയും ഭീഷണികളില്‍ നിന്ന് മോചിപ്പിക്കുക എന്നതാണ് പ്രകടനത്തിന്റെ ലക്ഷ്യമെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു.



Sharing is Caring