മൂന്ന് സേനാ വിഭാഗങ്ങള്‍ക്കും കൂടി പ്രത്യേക തീയേറ്റര്‍ കമാന്‍ഡ് വരുന്നു കേന്ദ്രം നീക്കം തുടങ്ങി


ന്യൂഡല്‍ഹി: മിന്നല്‍ സൈനിക നടപടിക്ക് ഏറെ സഹായകരമാകുന്ന ചരിത്രപരമായ ചുവട് വയ്പ്പിലേക്ക് ഇന്ത്യന്‍ സേന. കര, നാവിക, വ്യോമസേനകളെ സംയോജിപ്പിച്ച്‌ ഏക നേതൃത്വത്തിന് കീഴില്‍ തീയേറ്റര്‍ കമാന്‍ഡ് രൂപീകരിക്കുന്നതിനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയിട്ടുണ്ട്.


മൂന്ന് സേനകളിലുള്ള ഏതെങ്കിലും ഒരു ഉദ്യോഗസ്ഥനെ മറ്റ് രണ്ട് സേനാവിഭാഗങ്ങളുടെ മേല്‍ നേരിട്ടുള്ള അധികാരം വിനിയോഗിക്കുന്നതിനായി ചുമതലപ്പെടുത്തുന്നതിന് നിയമപരമായ ചട്ടങ്ങളും ഉത്തരവുകളും സര്‍ക്കാര്‍ പുനര്‍വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഇങ്ങനെ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥന് മൂന്ന് നക്ഷത്രമുള്ള ജനറലിന്റെ പദവി ആയിരിക്കും ലഭിക്കുക. മൂന്ന് സേനകളുടേയും മാനുഷികവും സാമ്ബത്തികപരവുമായ ആസ്തികളുടെ ചുമതല ഈ ഉദ്യോഗസ്ഥനായിരിക്കും.


2001 ഒക്ടോബറില്‍ സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ തീയേറ്റര്‍ കമാന്‍ഡായ ആന്‍ഡമാന്‍ നിക്കോബാര്‍ കമാന്‍ഡി(എ.എന്‍.സി)ല്‍ ഇത് നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍ മൂന്ന് സൈനിക വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഇത് പരാജയപ്പെടുകയായിരുന്നു. രാഷ്ട്രീയ ഉദ്യോഗസ്ഥ വിഭാഗത്തിനുള്ള താല്‍പര്യക്കുറവും ഫണ്ടുകളുടെ അപര്യാപ്തത തുടങ്ങിയവയാണ് ഇത് പരാജയപ്പെടാന്‍ കാരണം. നിലവില്‍ എ.എന്‍.സിയിലെ നേവല്‍ കമാന്‍ഡര്‍ ഇന്‍ ചീഫിന് കര, വ്യോമസേനകളിലെ ഓഫീസര്‍മാരെ നേരിട്ട് നിയന്ത്രിക്കാനാവും.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ മൂന്ന് സേനകളുടേയും നവീകരണത്തിന് തുടക്കം കുറിച്ചിരുന്നു. വന്‍ തോതിലുള്ള ആയുധങ്ങളും പോര്‍ വിമാനങ്ങളുമാണ് ഇന്ത്യ ഇതിനകം വാങ്ങി കൂട്ടിയിട്ടുള്ളത്. പുതിയ സൈനിക കമാന്‍ഡ് നിലവില്‍ വരുന്നതോടെ ശത്രുവിനെതിരെയുള്ള നീക്കങ്ങള്‍ക്കും ഇനി വേഗത കൈവരും. പാക്ക് അധീന കശ്മീര്‍ ഇന്ത്യ പിടിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സുപ്രധാനമായ ഈ നീക്കം.



Sharing is Caring