മുൻ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സർകോസിയ്ക്ക് (70) 5 വർഷം ജയില്‍ ശിക്ഷ. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ലിബിയയില്‍ നിന്ന് നിയമ വിരുദ്ധമായി ഫണ്ട് ശേഖരിച്ച കേസില്‍ ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തിയാണ് നടപടി.
ആധുനിക ഫ്രാൻസില്‍ ജയില്‍ ശിക്ഷ ലഭിക്കുന്ന ആദ്യ മുൻ പ്രസിഡന്റായി സർകോസി മാറി. 2007ലെ പ്രസിഡൻഷ്യല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ലിബിയൻ മുൻ ഭരണാധികാരി മുഅമ്മർ ഗദ്ദാഫിയുടെ സർക്കാരില്‍ നിന്ന് നിയമ വിരുദ്ധമായി ഫണ്ട് സ്വീകരിക്കാൻ സർകോസി തന്റെ സഹായികള്‍ക്ക് അനുമതി നല്‍കിയെന്ന് പാരീസ് കോടതി കണ്ടെത്തി.

അതേ സമയം, സർകോസിക്കെതിരെ അഴിമതിക്കുറ്റം ചുമത്തിയില്ല. ഫണ്ടിന്റെ ഗുണഭോക്താവ് സർകോസിയാണെന്നതിന് തെളിവുകളില്ലാത്തതാണ് കാരണം. വിധിക്കെതിരെ സർകോസിക്ക് അപ്പീല്‍ നല്‍കാമെങ്കിലും ജയില്‍ ശിക്ഷ അനുഭവിച്ചു കൊണ്ടു മാത്രമേ അതിന് സാധിക്കൂ.













