മുൻ അഗ്നിവീറുകള്‍ക്ക് സ്വകാര്യ സുരക്ഷാ സ്ഥാപനങ്ങളില്‍ തൊഴില്‍ ലഭ്യമാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിർദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി സായുധസേനയില്‍ സേവനം പൂർത്തിയാക്കിയ യുവാക്കളുടെ ഭാവി ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
സൈനിക സേവനകാലത്ത് ലഭിച്ച പരിശീലനവും അനുഭവസമ്ബത്തും അവരുടെ സാമ്ബത്തിക സുരക്ഷയും ജീവിതനിലവാരവും മെച്ചപ്പെടുത്താൻ സഹായകമാണെന്ന നിലയിലാണ് നിർദേശം നല്‍കിയിരിക്കുന്നത്. അഗ്നിവീറുകള്‍ക്ക് അവരുടെ കഴിവുകളും ശിക്ഷണവും പ്രയോജനപ്പെടുത്തി സിവിലിയൻ മേഖലകളില്‍ സുരക്ഷാ രംഗത്ത് മികച്ച പങ്കാളിത്തം ഉറപ്പാക്കാനാകുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

2022 ജൂണിലാണ് കേന്ദ്രം അഗ്നിപഥ് പദ്ധതി നടപ്പിലാക്കിയത്. 17 മുതല്‍ 21 വയസ്സ് വരെ പ്രായമുള്ള യുവാക്കള്‍ക്ക് നാല് വർഷത്തേക്ക് സായുധസേനയില്‍ സേവനം ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. സേവനം പൂർത്തിയാക്കിയവരില്‍ 25 ശതമാനം പേരുടെ സേവനകാലം 15 വർഷം കൂടി നീട്ടാനുള്ള വ്യവസ്ഥയും ഉണ്ട്. അതനുസരിച്ച് ആദ്യ ബാച്ച് അഗ്നിവീറുകളുടെ സേവനം അടുത്തവർഷം അവസാനിക്കും.
പദ്ധതിയുടെ ലക്ഷ്യം യുവാക്കള്‍ക്ക് ദേശീയ സേവനത്തിനൊപ്പം തൊഴില്‍പരമായ പരിശീലനവും ജീവിതവിദ്യയും നല്‍കുക എന്നതാണ്.മുൻ അഗ്നിവീറുകള്‍ക്ക് സർക്കാർ മേഖലകളിലും തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കാനായി പല നിലകളിലും നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ബിഎസ്‌എഫ്, സിഐഎസ്‌എഫ്, അസം റൈഫിള്‍സ് തുടങ്ങിയ കേന്ദ്ര സായുധസേനകളില്‍ കോണ്‍സ്റ്റബിള്‍, റൈഫിള്‍മാൻ തസ്തികകളില്‍ അഗ്നിവീറുകള്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കിക്കഴിഞ്ഞിട്ടുണ്ട്.
ഇവർക്ക് റിക്രൂട്ട്മെൻ്റ് പരീക്ഷകളില്‍ ശാരീരിക യോഗ്യതാ പരിശോധനയില്‍ ഇളവും പ്രായപരിധിയില്‍ റിയായത്തും ലഭിക്കും. ഇതിനുപുറമെ ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങള്‍ സംസ്ഥാന പൊലീസില്‍ അഗ്നിവീറുകള്‍ക്ക് സംവരണം ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ നീക്കങ്ങളിലൂടെ അഗ്നിവീറുകളുടെ സേവനാനന്തരം തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കുകയാണ് കേന്ദ്രസർക്കാരിൻ്റെ ലക്ഷ്യം.













