ബംഗ്ലാദേശില്‍ ഇസ്കോണിന്റെ പ്രവർത്തനം നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം


ബംഗ്ലാദേശില്‍ ഹിന്ദു സംഘടനയായ ഇസ്കോണിന്റെ പ്രവർത്തനം നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം. ധാക്ക, ചിറ്റഗോങ് നഗരങ്ങളിലാണ് ഇസ്ലാമിക സംഘടനകള്‍ പ്രതിഷേധം നടത്തിയത്.


വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം ഹെഫാസത്ത്-ഇ-ഇസ്ലാം, ഇൻതിഫാദ ബംഗ്ലാദേശ് തുടങ്ങിയ തീവ്ര സംഘടനകള്‍ ഇസ്കോണ്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി. ‘തീവ്ര ഹിന്ദുത്വ സംഘടന’ എന്നാണ് അവർ ഇന്റർനാഷണല്‍ സൊസൈറ്റി ഫോർ കൃഷ്ണ കോണ്‍ഷ്യസ്‌നെസിനെ (ഇസ്‌കോണ്‍) വിശേഷിപ്പിച്ചത്.


മുഹമ്മദ് യൂനുസ് നയിക്കുന്ന ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ, ഇസ്‌കോണ്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു റിട്ട് ഹർജിക്ക് മറുപടിയായി ഇസ്കോണിനെ ‘മത മൗലികവാദ സംഘടന’ എന്ന് വിശേഷിപ്പിച്ചിരുന്നു.ഇസ്‌കോണ്‍ അംഗം കൃഷ്ണ ദാസ് പ്രഭുവിനെ തടവിലാക്കിയതും ബംഗ്ലാദേശിലെ ഹിന്ദു ക്ഷേത്രങ്ങള്‍ക്കും ഇസ്‌കോണ്‍ കേന്ദ്രങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങളുടെയും പശ്ചാത്തലത്തിലാണ് പുതിയ സംഭവവികാസങ്ങള്‍.

ഇസ്‌കോണ്‍ ഒരു ഹിന്ദു സംഘടനയല്ലെന്നും ജൂതന്മാർ സൃഷ്ടിച്ച തീവ്രവാദ സംഘടനയാണെന്നും ഇന്ത്യാ വിരുദ്ധ തീവ്രവാദിയും അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള അൻസറുല്ല ബംഗ്ലാ ടീം (എബിടി) മേധാവിയുമായ ജാസിമുദ്ദീൻ റഹ്മാനി പറഞ്ഞതായി ധാക്ക ആസ്ഥാനമായുള്ള ബംഗ്ലാ ദിനപത്രമായ ദേശ് രൂപാന്തോർ റിപ്പോർട്ട് ചെയ്തു.ഇസ്‌കോണ്‍ ഇസ്രായേലി രീതികള്‍ പിന്തുടർന്ന്, ക്ഷേത്രങ്ങളുടെ പേരില്‍ രാജ്യത്തുടനീളം ഒന്നിനുപുറകെ ഒന്നായി സ്ഥാപനങ്ങള്‍ നിർമ്മിച്ചുവെന്നും, ദുർബലരായ സനാതൻ സമുദായാംഗങ്ങളെ അടിച്ചമർത്തി എന്നും അദ്ദേഹം അവകാശപ്പെട്ടു.

2024 ഓഗസ്റ്റില്‍ ഹസീന സർക്കാരിന്റെ പതനത്തെത്തുടർന്ന് ബംഗ്ലാദേശില്‍ ഇസ്‌കോണ്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായിരുന്നു. നിരവധി ഇസ്‌കോണ്‍ ക്ഷേത്രങ്ങളും കേന്ദ്രങ്ങളും നശിപ്പിക്കപ്പെടുകയും ബംഗ്ലാദേശിലെ ഒരു പ്രമുഖ ഹിന്ദു നേതാവായ കൃഷ്ണ ദാസ് പ്രഭു ജയിലിലാകുകയും ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തില്‍ മുൻ നേതാവ് ചിൻമോയ് കൃഷ്ണ ദാസ് ബ്രഹ്മചാരി ഉള്‍പ്പെടെ 17 ഇസ്‌കോണ്‍ അംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ ബംഗ്ലാദേശ് ഫിനാൻഷ്യല്‍ ഇന്റലിജൻസ് യൂണിറ്റ് (ബിഎഫ്‌ഐയു) മരവിപ്പിച്ചിരുന്നു.



Sharing is Caring