മുലപ്പാല്‍ നിഷേധിച്ച സംഭവം: ഹൈദ്രോസ് തങ്ങള്‍ അറസ്റ്റില്‍


കോഴിക്കോട്: നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ ഹൈദ്രോസ് തങ്ങള്‍ എന്നയാളെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ നിര്‍ദ്ദേശ പ്രകാരമാണ് മുലപ്പാല്‍ നിഷേധിച്ചതെന്നാണ് പരാതി.
ബാലവകാശ നിയമം 75/ 87 വകുപ്പുപ്രകാരമാണ് അറസ്റ്റ്. നവജാത ശിശുവിന്റെ ജന്മാവകാശങ്ങള്‍ നിഷേധിച്ചു എന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. ചോദ്യം ചെയ്യാനായി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച്‌ വരുത്തിയതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.


കോടതിയുടെ അനുമതിയോടെ മാത്രമേ ഇത്തരം കേസുകളില്‍ ജാമ്യം നേടാന്‍ സാധിക്കു.
മാതൃഭൂമി ന്യൂസാണ് വാര്‍ത്ത പുറത്ത് കൊണ്ട് വന്നത്. ഇതോടെ വിഷയത്തില്‍ ബാലാവകാശ കമ്മീഷന്‍ ഇടപെട്ടിരുന്നു. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്യുകയും കുട്ടിയുടെ പിതാവ് അബൂബക്കര്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ബുധനാഴ്ച ഉച്ചയ്ക്കാണ് അബൂബക്കര്‍ സിദ്ദിഖിന്റെ ഭാര്യ മുക്കം ഇ.എം.എസ് സഹകരണ ആസ്പത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അഞ്ച് ബാങ്ക് വിളിക്കാതെ നവജാത ശിശുവിന് മുലപ്പാല്‍ നല്‍കരുതെന്ന നിലപാട് ബന്ധുക്കള്‍ സ്വീകരിച്ചു. സംഭവത്തില്‍ നഴ്സിന്റെ പരാതിയെ തുടര്‍ന്നാണ് മുക്കം സ്വദേശി അബൂബക്കര്‍ സിദ്ദിഖിനും ഭാര്യയ്ക്കുമെതിരെ മുക്കം പോലീസ് കേസെടുത്തത്.




Sharing is Caring